സിനിമയിലെ സാമൂഹ്യ കാഴ്ചപ്പാടുകള്‍ സമൂഹത്തെ സ്വാധീനിക്കും: സൂര്യ

Web Desk
2 Min Read

കൊച്ചി: സിനിമയിലൂടെ വരുന്ന സാമൂഹ്യ മാറ്റങ്ങള്‍ വലിയ രീതിയില്‍ സമൂഹത്തെ സ്വാധീനിക്കുമെന്ന് തമിഴ് ചലച്ചിത്ര താരം സൂര്യ. എതിര്‍ക്കാന്‍ തുനിന്തവന്‍ (ഇ ടി) എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന് കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

city exchange

മലയാള സിനിമകള്‍ ഇന്ത്യന്‍ സിനിമയില്‍ മുന്നേ നടക്കുന്നവയാണ്. മലയാള ചലച്ചിത്രങ്ങളെ താന്‍ നല്ല കാഴ്ചപ്പാടോടെയാണ് സമീപിക്കാറുള്ളതെന്നും സൂര്യ പറഞ്ഞു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ജോജി, മാലിക്, ഹോം തുടങ്ങിയ സിനിമകളെല്ലാം വ്യത്യസ്ത പ്രമേയങ്ങളുമായി മുമ്പേ നടക്കുന്നവയാണ്.

മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഭാഷ വശമില്ലാത്തതാണ് പ്രധാന പ്രശ്‌നം. എങ്കിലും ഏറെ വൈകാതെ തന്റെയൊരു മലയാള സിനിമ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.

ജയ്ഭീം കണ്ട് കെ കെ ശൈലജ ടീച്ചര്‍ തന്നെ ഫോണില്‍ വിളിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് സൂര്യ പറഞ്ഞു. തന്നെ പോലുള്ളവര്‍ റോള്‍ മോഡലായി കാണുന്ന ശൈലജ ടീച്ചറെ പോലുള്ളവര്‍ ജയ് ഭീം കാണുകയും തന്നെ വിളിച്ച് സംസാരിക്കുകയും ചെയ്തത് വലിയ പ്രചോദനമാണ് നല്കുന്നത്. തന്നെ വീട്ടിലുള്ള ഒരാളെ പോലെയാണ് മലയാളികള്‍ കാണുന്നതെന്നും ശൈലജ ടീച്ചറേയും ആര്യ രാജേന്ദ്രനേയും പോലുള്ളവര്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും വനിതാ ദിനത്തില്‍ ഇത്തരം വഴികാട്ടികളെ ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഭാര്യ ജ്യോതികയുമായി ചേര്‍ന്ന് സിനിമ ചെയ്യുന്നതായി കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും പടിപടിയായി കുറേ കാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഒരു സിനിമ നിര്‍വഹിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു. നല്ല കഥ സ്വാഭാവികമായി സംഭവിക്കുകയാണെന്നും അത്തരം കഥകള്‍ മുമ്പിലെത്തുമ്പോള്‍ തങ്ങള്‍ സിനിമ ചെയ്യുമെന്നും സൂര്യ പറഞ്ഞു.
തന്റെ ഗ്രാമത്തിലും തന്റെ പരിചയക്കാരിലുമുള്ളവരിലൂടെയുമാണ് സംവിധായകന്‍ പാണ്ഡിരാജ് കഥ പറയുന്നതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളിലേതു പോലെ എതിര്‍ക്കാന്‍ തുനിന്തവനും മികച്ച ട്രീറ്റ്‌മെന്റായിരിക്കുമെന്നും സൂര്യ പറഞ്ഞു.

അമ്മയാണോ ഭാര്യയാണോ കൂടുതല്‍ സ്വാധീനിച്ചതെന്ന ചോദ്യത്തിന് ഓരോരുത്തരും ഓരോ രീതിയില്‍ സ്വാധീനിക്കുകയും രൂപപ്പെടുത്തിയെടുക്കുകയും ചെയ്തതാണ് താനെന്ന് സൂര്യ പറഞ്ഞു. വനിതകളെ ആദരിക്കേണ്ടതുണ്ടെന്നും അവരില്ലെങ്കില്‍ ലോകമേ ഇല്ലെന്നും വിശദമാക്കി.

തമിഴില്‍ നിന്നും മലയാളത്തിലേക്ക് മൊഴി മാറ്റേണ്ട ആവശ്യമില്ലെങ്കിലും ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും വേണ്ടി ഭാഷ മാറ്റേണ്ടി വരാറുണ്ടെന്നും തനിക്കു വേണ്ടി തിരക്കിനിടയിലും മലയാള നടന്‍ നരേനാണ് ശബ്ദം നല്കുന്നതെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും സൂര്യ പറഞ്ഞു.

ബോളിവുഡില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അവിടെ പോയി പ്രൂവ് ചെയ്യേണ്ടതുണ്ടോയെന്നും തന്റെ സിനിമകള്‍ പല ഭാഷകളിലേക്കും മൊഴി മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടര വര്‍ഷത്തിന് ശേഷമാണ് സൂര്യയുടെ സിനിമ തിയേറ്റര്‍ റിലീസാകുന്നത്. സുരൈറേ പോട്ര്, ജയ്ഭീം എന്നീ സിനിമകള്‍ ഒ ടി ടി റിലീസാണുണ്ടായത്. മാര്‍ച്ച് 10നാണ് എതിര്‍ക്കാന്‍ തുനിന്തവന്‍ റിലീസാകുന്നത്.
പ്രമോഷന്റെ ഭാഗമായി സൂര്യയോടൊപ്പം സിനിമയുടെ സംവിധായകന്‍ പാണ്ഡിരാജ്, തമിഴ് കോമഡി താരം സൂരി മുത്തുച്ചാമി എന്നിവരുമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!