
ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ആര് എസ് അബ്ദുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യുവതലമുറയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് സമൂഹത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

സമപ്രായക്കാരുടെ സ്വാധീനം, മാതൃകാപരമായ വ്യക്തികളുടെ അഭാവം, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, ഏകാന്തത, മാനസിക സമ്മര്‍ദ്ദം, യുവാക്കള്‍ക്ക് ആരോഗ്യകരമായ വിനോദ- വികസന അവസരങ്ങളുടെ കുറവ് തുടങ്ങിവയൊക്കെ ലഹരി ഉപയോഗത്തിലേക്ക് യുവാക്കളെ നയിക്കുന്ന പ്രധാന കാരണങ്ങളാണ്.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പ്രതിരോധം കുടുംബത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹവും വിശ്വാസവും തുറന്ന ആശയവിനിമയവും പരസ്പര ബഹുമാനവും വൈകാരിക സുരക്ഷിതത്വവും നിറഞ്ഞ കുടുംബാന്തരീക്ഷം കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിലാകുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം കേവലം അക്കാദമിക നേട്ടങ്ങളില്‍ മാത്രം ഒതുങ്ങാതെ മൂല്യബോധം, സ്വഭാവ രൂപീകരണം, വൈകാരിക പക്വത, ജീവിത നൈപുണികള്‍ എന്നിവയ്ക്കും തുല്യ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങള്‍, സാമൂഹിക സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവ ചേര്‍ന്ന് ഉത്തരവാദിത്തബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കണം.
ആധുനിക ജീവിതശൈലി സൃഷ്ടിക്കുന്ന ഏകാന്തത, മാനസിക വിഷമങ്ങള്‍, സാമൂഹിക അകല്‍ച്ച, ഡിജിറ്റല്‍ ലോകത്തിന്റെ അമിത സ്വാധീനം എന്നിവ യുവാക്കളെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനുകമ്പയും കൂട്ടായ പ്രവര്‍ത്തനവും സമഗ്രമായ ബോധവല്‍ക്കരണവും വഴി സമൂഹത്തിന്റെ സ്വാഭാവിക നന്മയും ശുദ്ധിയും തിരിച്ചുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളോടൊപ്പം മാതാപിതാക്കള്‍ ഗുണനിലവാരമുള്ള കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ജീവിത മാര്ഗദര്ശകരാകണമെന്നും സാമൂഹിക സംഘടനകള്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘ലഹരിക്കെതിരായ പോരാട്ടം നിയമപാലന ഏജന്‍സികളുടെ മാത്രം ഉത്തരവാദിത്തമല്ല; കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യരംഗത്തിന്റെയും സാമൂഹിക സംഘടനകളുടെയും ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും സംയുക്ത ബാധ്യതയാണ്,’ അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര് ചന്ദ്രമോഹന്, മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഖത്തര്‍ കമ്മിറ്റി ചെയര്മാന് മുതലിബ് മട്ടന്നൂര്‍, ഷാനു ഗ്രീന്‍ ജോബ്സ്, ഉവൈസ് ഉസ്മാന്, മുഹമ്മദ് നൗഷാദ് അബു, പി കെ മുസ്തഫ, സുബൈര്‍ പാണ്ടാവത്ത്, സവിത ദീപു, റാഫി പരക്കാട്ടില്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് തുടര്‍ച്ചയായ ബോധവല്‍ക്കരണം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, യുവജന ശാക്തീകരണ പരിപാടികള്‍, കുടുംബ കൗണ്‍സിലിംഗ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, മാധ്യമങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനാചരണം, യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന സംഘാടകരുടെ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.

