

കൊച്ചി: ബിസിനസിനപ്പുറം സമൂഹത്തിന് ഗുണപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഫാക്ട് മാനേജിംഗ് ഡയറക്ടര്‍ കിഷോര്‍ റുങ്ങ്ത. നമുക്ക് ചുറ്റുമുള്ളവര്‍ക്ക് കൂടി നേട്ടമുണ്ടാകുമ്പോഴാണ് നമ്മുടെ പ്രവൃത്തികള്‍ക്ക് അര്‍ഥമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ ഗ്ലോബല്‍ കോംപാക്റ്റ് കേരള മേഖലാ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിഷോര്‍ റുങ്ങ്ത.

ദാരിദ്ര്യ രഹിതവും അഴിമതി രഹിതവും തുല്യാവകാശവും ഉറപ്പാക്കുന്നതിന് വേണ്ടിയായിരിക്കണം പ്രവര്‍ത്തനം. ഫാക്ടിനെ സംബന്ധിച്ച് സുതാര്യതക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് യു എന്‍ ജി സി എന്‍ ഐ പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രത്‌നേഷ് ജാ ചൂണ്ടിക്കാട്ടി. യുവാക്കളുടെ ജീവിത സുസ്ഥിരത, മാനസികാരോഗ്യം, ലിംഗനീതി എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും ഇതില്‍ പങ്കാളികളാകാം. സമൂഹത്തിനും ഭൂമിക്കും ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് യു എന്‍ ജി സി എന്‍ ഐയുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ മുന്നോട്ട് വെയ്ക്കുന്ന പത്ത് നിര്‍ദേശങ്ങള്‍ പാലിക്കുന്ന ആര്‍ക്കും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിവുകള്‍, ഉത്പാദനം, ഉപഭോഗം തുടങ്ങിയ പ്രാദേശികവത്കരിക്കണമെന്ന് യു എന്‍ ജി സി എന്‍ ഐ ഗ്ലോബല്‍ ബോര്‍ഡംഗം തോമസ് കുരുവിള പറഞ്ഞു. കസ്റ്റംസ് ആന്റ് ജി എസ് കമ്മീഷണര്‍ മനോജ് അറോറ, യു എന്‍ ജി സി എന്‍ ഐ സ്ഥാപകാംഗം സനില്‍ നമ്പൂതിരിപ്പാട്, മുന്‍ യു എന്‍ ചീഫ് സീനിയര്‍ സോഷ്യോ ഇക്കണോമിക് അഡൈ്വസര്‍ ഡോ. എബ്രഹാം ജോസഫ്, ഹ്യുമനിറ്റാഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അനില്‍ ജോസഫ്, കെ എം എ മുന്‍ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ട്രാന്‍സ്‌ഫോര്‍മിങ് ടുമോറോ- യു എന്‍ ജി സി: യുവര്‍ ഗേറ്റ്വേ ടു സസ്റ്റെയ്നബിള്‍ എക്സലന്‍സ് എന്നതാണ് സമ്മേളന തീമെന്ന് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ അനില്‍ ജോസഫ് പറഞ്ഞു.
2000 ജൂലൈ 26ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ആരംഭിച്ചത് മുതല്‍ യു എന്‍ ജി സി എന്‍ ലോകമെമ്പാടുമുള്ള 69 പ്രാദേശിക നെറ്റ്‌വര്‍ക്കുകളിലായി 160 രാജ്യങ്ങളിലായി 18,000ലധികം പങ്കാളികളെ ഉള്‍പ്പെടുത്തി. സുസ്ഥിരതയ്ക്കും ഉത്തരവാദിത്തമുള്ള ബിസിനസ് രീതികള്‍ക്കും പ്രതിജ്ഞാബദ്ധരായ കമ്പനികള്‍ക്ക് ഇത് ഒരു നയവും പ്രായോഗിക ചട്ടക്കൂടുമാണ്.
യുഎന്‍ ജി സി എന്‍ ഐ നേതൃത്വം കേരളത്തിലെ പൊതു- സ്വകാര്യ മേഖലകളിലെ ബിസിനസ്സ് കമ്മ്യൂണിറ്റിയുമായും അക്കാദമിക്, സിവില്‍ സൊസൈറ്റി, പോളിസി മേക്കര്‍മാര്‍ തുടങ്ങിയ ബിസിനസ് ഇതര പങ്കാളികളുമായും ചേര്‍ന്നാണ് കേരള റീജിയണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

