മൂന്നാം വാരത്തിലും വില്‍പ്പന ഇരട്ടി നിലനിര്‍ത്തി സൂഖ് വാഖിഫ്

Web Desk
2 Min Read

ദോഹ: ഖത്തര്‍ ലോകകപ്പ് കാലത്ത് സൂഖ് വാഖിഫിലെ വില്‍പ്പന മൂന്നാം വാരത്തിലും ഇരട്ടിയിലേറെയെന്ന് കണക്കുകള്‍. തദ്ദേശീയരുടെ ഇഷ്ടകേന്ദ്രമായ സൂഖ് വാഖിഫ് ലോകകപ്പ് കാണാനെത്തിയ വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ താത്പര്യമുള്ള ഷോപ്പിംഗ് കേന്ദ്രമാണ്.

city exchange

പരമ്പരാഗത വിപണിയായ സൂഖ് വാഖിഫില്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ കൂടുതല്‍ കളിയാരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. ലോകകപ്പ് ഫൈനലിലേക്ക് അടുക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തിലും വില്‍പ്പനയിലും നേരിയ കുറവുണ്ടെങ്കിലും പതിവിലും രണ്ടിരട്ടിയിലേറെയാണ് നിലവിലുള്ള അവസ്ഥ. ലോകകപ്പ് ആരംഭിച്ച ആദ്യ ആഴ്ചയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 തങ്ങളുടെ ബിസിനസിന് വലിയ ഉത്തേജനം നല്‍കിയെന്നാണ് സൂഖ് വാഖിഫിലെ വ്യാപാരികള്‍ പറയുന്നത്. തങ്ങളുടെ ശരാശരി പ്രതിദിന വില്‍പ്പന മൂവായിരം മുതല്‍ മൂവായിരത്തി അഞ്ഞൂറ് വരെ റിയലാണെന്നും പതാകകള്‍, ഷാളുകള്‍, ജേഴ്‌സികള്‍, തൊപ്പികള്‍ തുടങ്ങിയവയാണ് കൂടുതല്‍ വാങ്ങുന്നതെന്നും ഒരു വ്യാപാരി പറഞ്ഞു.

- Advertisement -
Ad image

ടീ ബാഗുകളും മറ്റ് അടുക്കള സാമഗ്രികളും വില്‍ക്കുന്ന മറ്റൊരു വ്യാപാരിയാകട്ടെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ടീ ബാഗുകളാണ്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുറമേ വിനോദ സഞ്ചാരികളും ലോകകപ്പ് ഓര്‍മ അടയാളങ്ങള്‍ വാങ്ങുന്നുണ്ട്. അതോടൊപ്പം തങ്ങളുടെ നാട്ടില്‍ ഇല്ലാത്ത വസ്തുക്കളും വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീ ബാഗുകളാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇനമെന്നും അത് ഒരു പിക്‌നിക് ബാഗ് പോലെയാണെന്നും ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അദ്ദേഹം പറയുന്നു.

ലോകകപ്പോടെ തങ്ങളുടെ വ്യാപാരത്തില്‍ പ്രതിദിനം ആയിരം മുതല്‍ 1500 റിയാല്‍ വരെ വില്‍പ്പന വര്‍ധനവുണ്ടായതായി 11 വര്‍ഷമായി സൂഖ് വാഖിഫില്‍ ജോലി ചെയ്യുന്നയാള്‍ പറഞ്ഞു. നേരത്തെ പ്രതിദിനം ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ റിയാല്‍ കച്ചവടം ചെയ്തിരുന്ന തങ്ങള്‍ക്ക് ലോകകപ്പായതോടെ മൂവായിരത്തിനും 4500നും ഇടയില്‍ റിയാല്‍ വില്‍പ്പന ലഭിക്കുന്നതായും കണക്കു നോക്കിയാല്‍ ഇരട്ടിയിലധികമാണ് അതെന്നും അദ്ദേഹം വിശദമാക്കി.

ലോകകപ്പുമായി ബന്ധപ്പെട്ട സാധനങ്ങള്‍ തങ്ങളുടെ സാധാരണ വസ്ത്രങ്ങളിലും അനുബന്ധ വസ്തുക്കളിലും ചേര്‍ത്തവെക്കുന്നുണ്ട്. ആരാധകര്‍ വിലകുറഞ്ഞതും 40 റിയാലോ അതില്‍ താഴെയോ വിലയുള്ള ജേഴ്‌സികളിലാണ് താത്പര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയുമായി ബന്ധപ്പെട്ട തീം ഇനങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഷാളുകളും തൊപ്പികളും ഫുട്‌ബോള്‍ ആകൃതിയിലുള്ളതും കൊമ്പുകളുള്ളതുമാണ് കൂടുതല്‍ വില്‍ക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!