
ചങ്ങരംകുളം: സംഘര്‍ഷങ്ങളില്ലാത്ത ജീവിതമാണ് മതം ലക്ഷ്യമാക്കുന്നതെന്നും ആത്മീയതയിലൂന്നി ജീവിതം ക്രമപ്പെടുത്തുന്നതിലൂടെ സമാധാന ജീവിതത്തിനു മാത്രമല്ല മറ്റുള്ളവര്‍ക്കു നന്മ പകര്‍ന്നുകൊടുക്കാനും മനുഷ്യര്‍ക്ക് സാധിക്കുമെന്നും കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അഭിപ്രായപ്പെട്ടു.

മാനുഷിക വിഷയങ്ങളില്‍ മനുഷ്യരെല്ലാം ഒന്നിക്കുമ്പോഴും സങ്കുചിത താത്പര്യങ്ങളുടെ പേരില്‍ ചിലരെങ്കിലും അപശബ്ദങ്ങളുയര്‍ത്തുന്നത് പരിഷ്‌കൃത സമൂഹമെന്ന നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും തങ്ങള്‍ പറഞ്ഞു. പന്താവൂര്‍ ഇര്‍ശാദില്‍ അഞ്ചുവര്‍ഷമായി ഉസ്താദ് അബ്ദുല്‍ ബാരി സിദ്ദീഖിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇഹ്യാ ഉലൂമിദ്ദീന്‍ പഠന വേദിയുടെ ആറാം വാര്‍ഷിക പ്രഖ്യാപനം നടത്തുകയായിരുന്നു തങ്ങള്‍.

കേരളത്തില്‍ മദ്രസ പ്രസ്ഥാനത്തിനു ശിലപാകിയ സമസ്തയുടെ ആദ്യകാല നേതൃത്വവും പ്രമുഖ പണ്ഡിതനുമായ പറവണ്ണ മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ദൗഹിത്രന്‍ അബ്ദുര്‍റസ്സാഖ് മുസ്ലിയാര്‍ക്കു ഖലീല്‍ തങ്ങള്‍ ആദരപത്രം നല്കി.
ഐ സി എഫ് ഖത്തര്‍ നാഷണല്‍ സെക്രട്ടറി നൗഷാദ് അതിരുമട, കെ എം സ്വാലിഹ് മുസ്ലിയാര്‍ കക്കിടിപ്പുറം, ഉസ്താദ് എം ഹൈദര്‍ മുസ്ലിയാര്‍, ഉസ്താദ് അബ്ദുര്‍റസ്സാഖ് ഫൈസി, കെ സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീന്‍ ഹാജി, ഹസന്‍ നെല്ലിശ്ശേരി, എന്‍ വി എം കുട്ടി അന്‍വരി, ജലീല്‍ അഹ്‌സനി, എ മുഹമ്മദുണ്ണി ഹാജി, വി കെ അലവി ഹാജി, സുഹൈര്‍ ഇല്ലത്ത്, വി കെ ബശീര്‍ പ്രസംഗിച്ചു.

