

ന്യൂഡല്‍ഹി: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി.

സുപ്രിം കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാന്‍ പാടില്ല. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. അമിതവേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും അതിനാല്‍ നരഹത്യാ കുറ്റം നില നില്‍ക്കില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. ഇത് പൂര്‍ണമായും കോടതി തള്ളി. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.
