
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് സി പി എമ്മില്‍ നിന്നും പുറത്താക്കി കഴിഞ്ഞ ദിവസം കാണാതായ സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരികെയെത്തി. ശനിയാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ കാണാതായതെന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്കിയിരുന്നു.


കണ്ണൂര്‍ ധര്‍മശാലയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ അവസാനമായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സുജേഷിന്റെ ഫോട്ടോയും കാറിന്റെ നമ്പറും സന്ദേശമായി അയച്ചിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സുജേഷ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
താന്‍ യാത്ര പോയെന്നാണ് സുജേഷ് പറയുന്നത്. സുരക്ഷിതനാണെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിനാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച രാത്രി മുതല്‍ സുജേഷിനെ കാണാതായതോടെ മൊബൈല്‍ ഫോണും സ്വിച്ചോഫ് ആയിരുന്നു. പിന്നീടൊരിക്കല്‍ കണ്ണൂര്‍ ധര്‍മശാലയില്‍ നിന്നും ഓണായിരുന്നു.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ സുജേഷാണ് ആദ്യം രംഗത്ത് വന്നത്. പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പരാതിപ്പെട്ടതിന് പിന്നാലെയാണ് രണ്ടു മാസം മുമ്പ് സുജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ബാങ്കില്‍ നിന്ന് അരക്കോടിയിലേറെ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങളുമുണ്ടെന്ന് തെളിവുകള്‍ നിരത്തി ആദ്യം പുറത്തുവിട്ടത് സുജേഷായിരുന്നു.

