
കൊച്ചി: ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ സുപ്രധാന വാണിജ്യരേഖ പുറത്തിറക്കി മലയാളി. പാലക്കാട് സ്വദേശി സുജിത്ത് എസ് നായരാണ് ‘ഇന്ത്യ- ഇ യു എഫ് ടി എ: വിപണി പ്രവേശനം മുതല്‍ തന്ത്രപരമായ സാമ്പത്തിക ഇടനാഴി വരെ’ എന്ന സമഗ്ര റിപ്പോര്‍ട്ട് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ജനുവരിയില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ എങ്ങനെ കേരളത്തിന് ഉപകരിക്കും എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ചര്‍ച്ചാ വിഷയം. കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക് പ്രത്യേകിച്ച് കടല്‍ വിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍, കശുവണ്ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കരാര്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനുള്ള വഴികാട്ടിയാണ് ഈ റിപ്പോര്‍ട്ട്.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകൃത സംഘടനയായ യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഇഐസിബിഐ) ചെയര്‍മാനും സ്ഥാപകനുമാണ് സുജിത് നായര്‍. വാട്ടര്‍ ആന്‍ഡ് ഷാര്‍ക്ക് എന്ന ബഹുരാഷ്ട്ര ക്രോസ് ബോര്‍ഡര്‍ ഉപദേശക സ്ഥാപനത്തിന്റെ സീനിയര്‍ പാര്‍ട്ണറും കൂടിയാണ് അദ്ദേഹം. ഇഐസിബിഐയും വാട്ടര്‍ ആന്‍ഡ് ഷാര്‍ക്കും ചേര്‍ന്ന് തയ്യാറാക്കിയ 15 അധ്യായങ്ങളുള്ള ഈ റിപ്പോര്‍ട്ട്, താരിഫ് പട്ടികകള്‍ക്കപ്പുറം റെഗുലേറ്ററി കംപ്ലയിന്‍സ്, മാര്‍ക്കറ്റ് ആക്സസ്, മേഖലാ സാധ്യതകള്‍ തുടങ്ങിയ പ്രായോഗിക വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നു.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ മുതിര്‍ന്ന എം ഇ പിമാരും ഒരു ഇന്ത്യന്‍ എം പിയും സന്നിഹിതരായിരിക്കെ ആയിരുന്നു റിപ്പോര്‍ട്ട് അവതരണം. കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്കും ചരിത്രപരമായ വ്യാപാര ബന്ധങ്ങള്‍ക്കും പേരുകേട്ട പാലക്കാടിന് കൂടിയുള്ള അംഗീകരമായിരുന്നു അത്. കൊച്ചിയാണ് ഇപ്പോള്‍ സുജിത് നായരുടെ പ്രവര്‍ത്തനകേന്ദ്രം.
‘കേരളം എല്ലായ്പ്പോഴും ഒരു വ്യാപാര സംസ്‌കാരമായിരുന്നു,’ ബ്രസല്‍സ് ലോഞ്ചിന് ശേഷം സുജിത് നായര്‍ പറഞ്ഞു. സുഗന്ധവ്യഞ്ജന പാത കേരളത്തിലൂടെയായിരുന്നു. ഇന്ത്യ- ഇ യു എഫ് ടി എ അതിന്റെ ആധുനിക പതിപ്പാണ്. കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്, ഈ കരാറില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ബന്ധത്തിനായുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രതിനിധി സംഘത്തിന്റെ ചെയര്‍പേഴ്സണായ ജര്‍മ്മന്‍ എം ഇ പി ഏഞ്ചലിക്ക നീബ്ലര്‍, യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഇന്ത്യയ്ക്കായുള്ള സ്റ്റാന്‍ഡിംഗ് റാപ്പോര്‍ട്ടര്‍ വ്ളാഡിമിര്‍ പ്രെബിലിക്, റൊമാനിയന്‍ എം ഇ പി ക്രിസ്റ്റ്യന്‍ തെരേഷ്, ഇന്ത്യന്‍ എം പി സുധാകര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് ഔപചാരികമായി പുറത്തിറക്കിയത്.

