ഫുട്ബോള്‍ ലോകകപ്പ് വേദികള്‍ക്കിടയില്‍ പറക്കാന്‍ മലയാളിയുടെ എയര്‍ ചാര്‍ട്ടര്‍ കമ്പനി ഹാലോ എയര്‍വേയ്സ്

Web Desk
2 Min Read

കൊച്ചി: ഫുട്ബോള്‍ ലോകകപ്പ് അരങ്ങേറുന്ന യു എസിലേയും കാനഡയിലേയും മെക്സിക്കോയിലേയും പട്ടണങ്ങള്‍ ബന്ധിപ്പിക്കുന്ന ചാര്‍ട്ടര്‍ വിമാന സര്‍വീസുമായി മലയാളിയുടെ എയര്‍ ചാര്‍ട്ടര്‍ കമ്പനി. 2012ല്‍ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി പോള്‍ തുടക്കമിട്ട് പ്രധാനമായും ബംഗളൂരു, ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാലോ എയര്‍വേയാസാണ് ലോകകപ്പ് പ്രമാണിച്ച് ഏഴാംകടലിനക്കരെയും സേവനമെത്തിക്കുന്നത്.

city exchange

യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡ്ല്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയില്‍ ഇതാദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് ഷോബി ടി പോള്‍ അറിയിച്ചു. ലോകകപ്പ് സര്‍വീസിനായി നാല് വിമാനങ്ങളിലാണ് കമ്പനി സേവനമെത്തിക്കുന്നത്. ലോകകപ്പ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതിനായി യു എസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായി ഹാലോ പങ്കാളിത്തങ്ങളിലും ഉറപ്പിച്ചു കഴിഞ്ഞു.

മയാമിയിലെ നോര്‍ത്ത് പെറി വിമാനത്താവളം ആസ്ഥാനമായുള്ള റോയല്‍റ്റി ഏവിയേഷന്‍ ഗ്രൂപ്പൂമായുള്ളതാണ് ഇവയിലൊന്ന്. കൊച്ചി സ്വദേശി ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്റാണ് റോയല്‍റ്റി ഏവിയേഷന്റെ മുഖ്യപ്രൊമോട്ടര്‍ എന്ന സവിശേഷതയുമുണ്ട്. അനുമതികള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോജിക്കല്‍ അസിസ്റ്റന്‍സ് എന്നിവയാണ് പ്രാദേശിക സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ഷോബി ടി പോള്‍ പറഞ്ഞു.

ലോകകപ്പിനായി ഏഴ് സീറ്റുള്ള സെസ്സ്ന സൈറ്റേഷന്‍ സിജെ2, എട്ടു സീറ്റുള്ള എംബ്രേയര്‍ ഫെനോം 300, 9 സീറ്റുള്ള സെസ്സ്ന സൈറ്റേഷന്‍ പത്ത്, പ്രീമിയം ലോംഗ്-റേഞ്ച് ഓപ്പറേഷന്‍സിനായി 13 സീറ്റുള്ള ഒരു ഗള്‍ഫ്സ്ട്രീം ജി550 എന്നീ വിമാനങ്ങളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

- Advertisement -
Ad image

യു എസില്‍ ന്യൂയോര്‍ക്ക് (ജെ എഫ് കെ) മയാമി, ലോസ് ആഞ്ചെലസ്, സിയാറ്റ്ല്‍-ടകോമ, ബോസ്റ്റണ്‍ ലോഗന്‍, ഡാളസ്-ഫോര്‍ട്ട്‌വര്‍ത്ത്, അറ്റ്ലാന്റ് ഹാര്‍ട്സ്ഫീല്‍ഡ് ജാക്സണ്‍ എന്നീ വിമാനത്താവളങ്ങളും കനഡയില്‍ ടൊറന്റോ, വാന്‍കൂവര്‍ എന്നിവയും മെക്സിക്കോയില്‍ മെക്സിക്കോ സിറ്റി അന്തര്‍ദേശീയ വിമാനത്താവളവും ബന്ധിപ്പിച്ചാണ് സേവനം.

കമ്പനി ഇതുവരെ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സഞ്ജു സാംസണ്‍, ടാലി ചെയര്‍മാന്‍ ഭാരത് ഗോയങ്ക, ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലെകനി, ബയോകോണ്‍ ചെയര്‍പെഴ്സണ്‍ കിരണ്‍ മജുംദാര്‍, മുരുഗപ്പ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ അളഗപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും എം ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ക്ക് സേവനം നല്‍കിയിട്ടുണ്ടെന്നും ഷോബി ടി പോള്‍ പറഞ്ഞു. ബംഗളൂരുവിലും മുംബൈയിലും രണ്ടു മണിക്കൂറില്‍ സേവനമെത്തിക്കുന്നു.

ഇന്ത്യയിലെ ഒരു സ്വകാര്യ ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍ക്ക് ഇതാദ്യമായി വടക്കേ അമേരിക്കയിലെ ലോകകപ്പ് വേദികളെ ബന്ധിപ്പിച്ച് സേവനം നല്‍കാനാവുന്നത് രാജ്യത്തെ ഏവിയേഷന്‍ വ്യവസായത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!