ചെന്നൈയിനെ മടക്കി ബ്ലാസ്റ്റേഴ്സ് കുതിച്ചു

Web Desk
3 Min Read

കൊച്ചി: അയല്‍ക്കാരുടെ പോരില്‍ ചെന്നൈയിന്‍ എഫ് സിയെ 2-1ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എലില്‍ കുതിച്ചു. 17 കളിയില്‍ 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് തുടരുന്നത്.

city exchange

കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ചെന്നൈയിനെതിരെ പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശില്‍പ്പി. കെ പി രാഹുലാണ് വിജയഗോള്‍ നേടിയത്. അബ്ദെനാസെര്‍ എല്‍ ഖയാതിയാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് ചെന്നൈയിന്‍ എഫ്സിക്കെതിരെ ടീമിനെ ഇറക്കിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ കരണ്‍ജിത്തിന് പകരം പ്രഭ്സുഖന്‍ സിങ് ഗില്‍ എത്തി. പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്രയ്ക്ക് പകരം നിഷു കുമാറുമെത്തി. ഹോര്‍മിപാം, ജെസെല്‍ കര്‍ണെയ്റോ, വിക്ടര്‍ മോന്‍ഗില്‍ എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ബ്രൈസ് മിറാന്‍ഡയ്ക്ക് പകരം സഹല്‍ അബ്ദുല്‍ സമദ് ഇറങ്ങി. കെ പി രാഹുല്‍, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. മുന്നേറ്റത്തില്‍ അപോസ്തലോസ് ജിയാനുവിന് പകരം ഇവാന്‍ കലിയുഷ്നി വന്നു. ദിമിത്രിയോസ് ഡയമന്റാകോസ് തുടര്‍ന്നു.

- Advertisement -
Ad image

ചെന്നെയിന്‍ എഫ് സിക്കായി സാമിക് മിത്ര ഗോള്‍വല കാത്തു. ആകാശ് സങ്വാന്‍, വാഫ ഹഖമനേഷി, ഗുര്‍മുഖ് സിങ് സിങ്, എഡ്വിന്‍ വാന്‍സ്പോള്‍ എന്നിവര്‍ പ്രതിരോധത്തില്‍. നിന്തോയ്ങ്ഗാമ്പ മീത്തല്‍, ജൂലിയസ് ഡ്യൂക്കര്‍, അനിരുദ്ധ് ഥാപ്പ, വിന്‍സി ബരെറ്റൊ, അബ്ദെനാസെര്‍ എല്‍ ഖയാതി എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ പീറ്റര്‍ സ്ലിസ്‌കോവിച്ചും.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍തന്നെ ചെന്നൈയിന്‍ ലീഡ് നേടി. എല്‍ ഖയാതിയുടെ ഷോട്ട് ഇടതു പോസ്റ്റില്‍ തട്ടിത്തെറിച്ച് വലയുടെ വലതുമൂലയിലേക്ക് ഇറങ്ങിയപ്പോള്‍ ഗില്ലിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് പതര്‍ച്ച കാട്ടിയില്ല. പതിനൊന്നാം മിനിറ്റില്‍ ഡയമന്റാകോസ് തൊടുത്ത ക്രോസില്‍ രാഹുല്‍ അടിപായിച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു. സഹലിന്റെ ക്രോസ് മിത്ര കയ്യിലൊതുക്കി. ഇരുപതാം മിനിറ്റില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ നിഷുകുമാര്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മിത്ര തട്ടിയിട്ടു. ഇരുപത്തേഴാം മിനിറ്റില്‍ ഡയമന്റാകോസിന്റെ ഷോട്ടും പുറത്തുപോയി. 29-ാം മിനിറ്റില്‍ ജെസെലിന്റെ കരുത്തുറ്റ ഷോട്ട് മിത്ര കുത്തിയകറ്റുകയായിരുന്നു. ഡയമന്റാകോസിന് പന്ത് കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല.

നിരന്തരം ബ്ലാസ്റ്റേഴ്സ് ആക്രമണം നടത്തി. ചെന്നെയിന്‍ പ്രതിരോധം തടഞ്ഞു. എന്നാല്‍ 37-ാം മിനിറ്റില്‍ ലൂണയുടെ അതിമനോഹര ഗോളില്‍ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ലൂണ തന്നെയാണ് നീക്കത്തിന് തുടക്കമിട്ടത്. ഇടതുഭാഗത്ത് കുതിച്ച ലൂണ ജെസെലിന് പന്ത് കൈമാറി. ജെസെല്‍ ബോക്സിലേക്ക് അടിതൊടുത്തു. സഹല്‍ നിയന്ത്രിക്കുംമുമ്പ് പ്രതിരോധം തട്ടിയകറ്റി. എന്നാല്‍ പന്ത് വീണത് ലൂണയുടെ കാലില്‍. തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ വല തകര്‍ത്തു. ആദ്യപകുതിയുടെ അവസാന നിമിഷം ബരെറ്റൊയുടെ ഷോട്ട് ഗില്‍ ഒറ്റക്കൈ കൊണ്ട് കുത്തിയകറ്റിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആശ്വാസം കൊണ്ടു. തകര്‍പ്പന്‍ നീക്കങ്ങളാല്‍ മിന്നിയ ആദ്യപകുതി അങ്ങനെ അവസാനിച്ചു.

ഇടവേളയ്ക്കുശേഷവും ബ്ലാസ്റ്റേഴ്സിന്റെ നയം വ്യക്തമായിരുന്നു. നിരന്തരം ചെന്നൈയിന്‍ ഗോള്‍മുഖം ആക്രമിച്ചു. 63-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ അതിമനോഹര നീക്കം. വലതുവശത്ത് നിഷുവില്‍നിന്നായിരുന്നു തുടക്കം. ലൂണയുടെ ക്രോസ്. രാഹുല്‍ ഒന്നാന്തരമായി കാല്‍വച്ചപ്പോള്‍ സ്റ്റേറ്റഡിയം ഇളകിമറഞ്ഞു. ബ്ലാസ്റ്റേഴ്സിന് ലീഡ്. ആ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് ഇരട്ടി വീര്യം കൈവന്നു. ചെന്നൈയിന്‍ പ്രതിരോധം ഇളകി. മറുവശത്ത് എല്‍ ഖയാതിയുടെ ഷോട്ട് ഗില്‍ കുത്തിയകറ്റി. 71-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. സഹലിന് പകരം ബ്രൈസ് മിറാന്‍ഡയെത്തി. 84-ാം മിനിറ്റില്‍ ഗോളടിക്കാരന്‍ രാഹുലിന് പകരം സൗരവ് മണ്ഡലുമെത്തി. ചെന്നെയിന്‍ തിരിച്ചടിക്കാന്‍ ആഞ്ഞുശ്രമിച്ചു. എന്നാല്‍ ഗില്ലും പ്രതിരോധവും ചെറുത്തുനിന്നു. പ്രത്യാക്രമണങ്ങളില്‍ ചെന്നൈയിന്‍ ഗോള്‍മേഖല വിറപ്പിക്കുകയും ചെയ്തു. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലൂണയെ പിന്‍വലിച്ചു. ഡാനിഷ് ഫാറൂഖ് ആണ് പകരമെത്തിയത്.

അടുത്ത മത്സരത്തില്‍ 11ന് ബംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!