

ലഖ്നൗ: ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ലഖ്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ സമന്‍സ്. ഷാജന് സ്കറിയയ്ക്ക് പുറമേ മറുനാടന്‍ മലയാളി സി ഇ ഒ ആന്‍ മേരിജോര്‍ജ്ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന ഷാജന് സ്കറിയ സമന്‍സ് കൈപ്പറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ലഖ്നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് ഷാജന് സ്കറിയയ്ക്ക് സമന്‍സ് അയച്ചത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പിന് വേണ്ടി ഹാജരായത്.

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത രണ്ട് വീഡിയോകള്‍ക്കെതിരെയാണ് അപകീര്‍ത്തി കേസുള്ളത്. രണ്ട് വീഡിയോകളിലും എം എ യൂസഫലി, വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ ഷാജന് സ്കറിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് പറയുന്നത്. ഷാജന് സ്കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരവും സത്യവുമായി ബന്ധമില്ലാത്തതുമാണെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചത്.
വിവേക് ഡോവലിന്റെ കമ്പനി ജി എന്‍ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8300 കോടി രൂപ നോട്ട് അസാധുവാക്കലിന് ശേഷം കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് ഷാജന് സ്കറിയ വീഡിയോയില്‍ പറഞ്ഞത്. ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണവും വീഡിയോയിലുണ്ടായിരുന്നു. ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലൂടെ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലഖ്നൗ കോടതിയില്‍ കേസ് ഫയല്‍ ചെയതത്.

