
മനാമ: പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആദ്യ പ്രസിദ്ധീകരണമായ സുനില്‍ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവല്‍ ഫീല്‍സ് ആന്‍ഡ് ഫീഡ്‌സ് എന്ന പുസ്തകത്തിന്റെ ജി സി സിതല പ്രകാശന കര്‍മ്മം ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പ്രിയദര്‍ശിനി ബഹ്റൈന്‍ ചാപ്റ്റര്‍ കോഡിനേറ്റര്‍ സൈദ് എം എസ് അധ്യക്ഷതയില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു.

പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഐ സി ആര്‍ എഫ് മുന്‍ ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് ആണ്. ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ മുഖ്യാതിഥി ആയിരുന്നു. യാത്ര പ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായര്‍ സദസിനു പുസ്തകം പരിചയപ്പെടുത്തി.

ഒ ഐ സി സി വര്‍ക്കിങ് പ്രസിഡണ്ട് ബോബി പാറയില്‍, ഒ ഐ സി സി ജനറല്‍ സെക്രട്ടറി മനു മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, അലക്‌സ് മഠത്തില്‍, നോവലിസ്റ്റ് ആദര്‍ശ് മാധവന്‍കുട്ടി, ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍, യാത്ര സമിതി മുന്‍ ചെയര്‍മാന്‍ കെ ടി സലിം, പ്രവാസി വെല്‍ഫെയര്‍ പ്രസിഡണ്ട് ബദറുദ്ദീന്‍ പൂവാര്‍, ഐ ടി സംരംഭകയും കണ്ണൂര്‍ ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമായ ഹര്‍ഷ ശ്രീഹരി, അജിത് കണ്ണൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാത്രാ വിവരണം രചിച്ച സുനില്‍ തോമസ് റാന്നി മറുപടി പ്രസംഗം നടത്തി.

