

കൊച്ചി: എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം വിദേശത്തേക്ക് കറന്‍സി കടത്തിയെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും അറിയാമെന്നും സ്വപ്ന സുരേഷ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

2016ല്‍ മുഖ്യമന്ത്രി വിദേശത്ത് ആയിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് ശിവശങ്കര്‍ വിളിച്ചു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെന്നും ഉടനെ അത് ദുബൈയില്‍ എത്തിക്കണമെന്നുമായിരുന്നു ശിവവശങ്കറിന്റെ ആവശ്യം.
ഇതനുസരിച്ച് ഒരു നയന്ത്രപ്രതിനിധിയുടെ കൈവശം ബാഗ് ദുബൈയില്‍ എത്തിക്കുകയായിരുന്നു. ആ ബാഗ് സ്‌കാന്‍ ചെയ്യവെയാണ് അതില്‍ കറന്‍സിയാണെന്ന് മനസിലായതെന്നും സ്വപ്ന പറഞ്ഞു. എന്ത് കറന്‍സിയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വപ്ന സുരേഷ് മറുപടി പറഞ്ഞില്ല.

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യു എ ഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു. വലിയ ഭാരമുള്ള ബിരിയാണിപ്പാത്രങ്ങള്‍ കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസില്‍ എത്തിച്ചുവെന്നും ബിരിയാണിപ്പാത്രങ്ങളില്‍ ഭാരമുള്ള മറ്റ് ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
പാത്രങ്ങള്‍ ക്ലിഫ് ഹൗസിലെത്തിച്ചത് ജവഹര്‍ നഗറിലെ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് വസ്തുതകളെല്ലാം അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്നയുടെ വാക്കുകള്‍:
”2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു.
അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.
വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്”, എന്ന് സ്വപ്ന.
ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസില്‍ കൊണ്ടുപോകുമ്പോള്‍ കോമണ്‍ സെന്‍സനുസരിച്ച് ഇത് സി എമ്മിനറിയാമല്ലോ എന്ന് സ്വപ്ന. ഇതല്ലാതെ പല വിവരങ്ങളും വിശദമായി ഞാന്‍ രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. സമയം വരുമ്പോള്‍ എല്ലാ കാര്യങ്ങളും ഞാന്‍ പുറത്തുപറയാം. എറണാകുളം ജില്ലാ കോടതിയില്‍ എത്തിയാണ് സ്വപ്ന മൊഴി നല്‍കിയത്. ഇ ഡിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലില്‍ സ്വപ്ന മൊഴി നല്‍കിയതായാണ് വിവരം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.
എന്നാല്‍ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ലെന്ന് എം ശിവശങ്കര്‍ പറഞ്ഞു.
ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കര്‍ ചോദിച്ചു.
ജനങ്ങള്‍ തള്ളിക്കളഞ്ഞ പഴയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം:
‘സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല.
അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ.
ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി പി എം പി ബി ഇടപെടണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തുടരണമോ എന്ന് പൊളിറ്റ് ബ്യൂറോ തീരുമാനിക്കണം. ആരോപണം തെറ്റാണെന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തില്‍ പങ്കാളിയായിട്ടില്ല. സ്വപ്നയുടെ വെളിപ്പെടുത്തല്‍ നാടിനെ അമ്പരിപ്പിച്ചു. എല്ലാം അഴിമതിയുടെയും ചുരുളുകള്‍ അഴിയുകയാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉള്‍പ്പെട്ട കേസാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ ബി ജെ പിയും ശ്രമിച്ചു. ബിരിയാണി പാത്രത്തില്‍ ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണ്.
ഒരു മണിക്കൂര്‍ മുഖ്യമന്ത്രിയ്ക്ക് കസേരയില്‍ ഇരിയ്ക്കാന്‍ യോഗ്യതയില്ല. ഇ ഡിയുടെ അന്വേഷണം സുതാര്യമല്ല. നിഷ്പക്ഷമായ അന്വേഷണം വേണം. സി ബി ഐയോ ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം. സ്വപ്നയ്ക്ക് സുരക്ഷ നല്‍കേണ്ടത് കോടതിയാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

