

കോഴിക്കോട്: ബി ജെ പിയില്‍ നിന്നും രാജിവെച്ച സയ്യിദ് താഹ ബാഫഖി തങ്ങള്‍ പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണവുമായി രംഗത്ത്. ഓണ്‍ലൈന്‍ മാധ്യമമായ ഡൂള്‍ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ബി ജെ പിയുടെ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ചത്.

മുസ്ലിം എന്ന കാരണത്താലാണ് അവഗണന നേരിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാഫഖി തങ്ങളുടെ പേര് ദുരുപയോഗം ചെയ്യാനാണ് തന്നെ ബി ജെ പിയിലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം കോഴിക്കോട് അളകാപുരിയില്‍ നടന്ന പിപാടിയില്‍ തന്നേയും ക്ഷണിച്ചിരുന്നുവെന്നും വേദിയില്‍ കയറിയിരുന്ന തന്നോട് പരിപാടി കഴിഞ്ഞതിന് ശേഷം ശ്രീധരന്‍പിള്ളയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന് പറയപ്പെടുന്ന ശ്യാമെന്ന വ്യക്തി നീ മുസ്ലിമല്ലേ, നീയെന്താണ് സ്റ്റേജില്‍ കയറാന്‍ കാരണമെന്ന് ചോദിച്ചതായും അദ്ദേഹം പറയുന്നു. ഇതുകേട്ടതോടെ മാനസികമായി തകര്‍ന്നുവെന്നും ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രശ്നമുണ്ടായാല്‍ അദ്ദേഹത്തിന് നാണക്കേട് ഉണ്ടാവുമെന്നു കരുതി ഒന്നും പറഞ്ഞില്ലെന്നുമാണ് താഹ ബാഫഖി തങ്ങള്‍ അഭിമുഖത്തില്‍ പറയുന്നത്.
നേരത്തെ മുസ്ലിം ലീഗിലായിരുന്ന സയ്യിദ് താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്ത് മാസത്തിലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ അദ്ദേഹം രാജിവെച്ചെങ്കിലും പാര്‍ട്ടിക്കാര്‍ വീണ്ടും ബി ജെ പിയില്‍ ചേര്‍ത്തുവെന്നും അദ്ദേഹം പറയുന്നു.
മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ചെറുമകനാണ് സയ്യിദ് താഹ ബാഫഖി തങ്ങള്‍.

