
ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ എഐയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും ദോഹയില്‍ നടന്നു. ബിസിനസ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ബുദ്ധിപരവും കാര്യക്ഷമവുമായ പ്രവര്‍ത്തന സംവിധാനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ എഐ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇന്റലിജന്‍സ് ആസ് എ സര്‍വീസ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സിറ എഐയുടെ ബിസിനസ് മാതൃക. പരമ്പരാഗത സോഫ്റ്റ്വെയര്‍ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ബിസിനസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്കും വര്‍ക്ക്ഫ്‌ളോകളിലേക്കും എഐ സാങ്കേതികവിദ്യ നേരിട്ട് സംയോജിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമായ പരിഹാരങ്ങള്‍ നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സിറ എഐയുടെ ഓഫീസ് ഉദ്ഘാടനവും സോഫ്റ്റ് ലോഞ്ചും സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ നിര്‍വഹിച്ചു. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കും വിജയത്തിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ സിറ എഐ സ്ഥാപകനും ഡയറക്ടറുമായ ജസീല്‍, ഡയറക്ടര്‍ ജംസീര്‍ മുഹമ്മദ്, ജാലിസ് എ എം, മുഹമ്മദ് ഇര്‍ഷാദ് ഹുദവി, ഷിഹാബ് തൂണേരി, ഫഹദ് പി പി, ശംസുദ്ധീന്‍ വാണിമേല്‍, അതീഖ് റഹ്മാന്‍, മുഹമ്മദ് ചാവട്ട് എന്നിവരും മറ്റ് പ്രമുഖ അതിഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
ഖത്തറിലെ ബിസിനസ് മേഖലയില്‍ എഐ അധിഷ്ഠിതമായ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രായോഗികവും ബുദ്ധിപരവുമായ എഐ സംവിധാനങ്ങള്‍ വികസിപ്പിച്ച് ഖത്തറില്‍ നിന്ന് ജി സി സി രാജ്യങ്ങളിലേക്കും തുടര്‍ന്ന് ആഗോള വിപണികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് സിറ എഐയുടെ ലക്ഷ്യം.

