
ദോഹ: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അബു അല്‍ ദുഹൂര്‍ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ ഖത്തര്‍ ഉള്‍പ്പെടെ 12 അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ശക്തമായി അപലപിച്ചു.

ഖത്തര്‍, ജോര്‍ദാന്‍, അള്‍ജീരിയ, ഇന്തോനേഷ്യ, ലെബനന്‍, മലേഷ്യ, മൗറിറ്റാനിയ, പാകിസ്താന്‍, ഫലസ്തീന്‍, സൗദി അറേബ്യ, സൊമാലിയ, തുര്‍ക്കിയെ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആക്രമണത്തെ അപലപിച്ചത്.

ആക്രമണം ഗുരുതരമായ സംഘര്‍ഷവ്യാപനത്തിനും സിറിയയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത, ഭൂപ്രദേശിക അഖണ്ഡത എന്നിവയുടെ നഗ്‌നമായ ലംഘനത്തിനും കാരണമാകുന്നതാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.
സിറിയന്‍ ഭൂപ്രദേശത്തും അടിസ്ഥാന സൗകര്യങ്ങളിലും തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളിലും ഇതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളിലും മന്ത്രിമാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. സുരക്ഷ പുനഃസ്ഥാപിക്കാനും ദേശീയ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കാനും വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങള്‍ നേരിടാനും സിറിയ നടത്തുന്ന ശ്രമങ്ങളെ ഇത്തരം നടപടികള്‍ നേരിട്ട് ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സിറിയയുടെ പരമാധികാരത്തിനും ഭൂപ്രദേശിക അഖണ്ഡതയ്ക്കുമെതിരായ ഇസ്രായേല്‍ നടപടികള്‍ തുടരുന്നത് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും പ്രാദേശിക സമാധാനവും സ്ഥിരതയും തകര്‍ക്കാനും അന്താരാഷ്ട്ര നിയമത്തോടും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ തത്വങ്ങളോടുമുള്ള ബഹുമാനം ദുര്‍ബലപ്പെടുത്താനും ഇടയാക്കുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.
സിറിയക്കെതിരായ തുടരുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തവും വ്യക്തവും തത്വാധിഷ്ഠിതവുമായ നിലപാട് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിനും യു എന്‍ ചാര്‍ട്ടറിനും അനുസൃതമായി ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും 1974ലെ വിച്ഛേദന കരാര്‍ പൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇസ്രായേല്‍ അധിനിവേശം നടത്തിയ മേഖലകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ സംഘര്‍ഷവ്യാപനം തടയുകയും പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
സിറിയയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത, ഭൂപ്രദേശിക അഖണ്ഡത എന്നിവ മാനിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാര്‍ ആവര്‍ത്തിച്ചു. ഇവ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമത്തെയും തങ്ങള്‍ നിരാകരിക്കുന്നതായും അവര്‍ വ്യക്തമാക്കി.

