
കാബൂള്‍: ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്ന വടക്കന്‍ സഖ്യത്തിന്റെ നിയന്ത്രണത്തിനായിരുന്ന പഞ്ച്ഷിര്‍ പ്രവിശ്യ പിടിച്ചടക്കിയതായി താലിബാന്‍. കാബൂള്‍ കീഴടക്കിയ ശേഷവും താലിബാന് വഴങ്ങാതെ നിന്നിരുന്നതാണ് പഞ്ച്ഷിര്‍.
പഞ്ച്ഷിര്‍ കീഴടക്കിയെന്ന് താലിബാന്‍ വക്താവ് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താലിബാനെതിരായ പോരാട്ടത്തില്‍ സഖ്യസേനയിലെ പ്രധാന നേതാക്കളിലൊരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ തങ്ങള്‍ വധിച്ചതായും താലിബാന്‍ അവകാശപ്പെടുന്നുണ്ട്.
പഞ്ച്ഷിറിനെ നയിച്ച വടക്കന്‍ സഖ്യനേതാക്കള്‍ താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് സൂചന. താലിബാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സഖ്യനേതാക്കള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം താലിബാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.


പഞ്ച്ഷിറില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. പ്രവിശ്യയുടെ തലസ്ഥാനത്ത് മാത്രമാണ് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടരുന്നത് എന്ന വാര്‍ത്തകളും ഞായറാഴ്ച മുതല്‍ പുറത്തു വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ച്ഷിറിന്റെ തലസ്ഥാനവും പിടിച്ചടക്കിയെന്നും അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നുമാണ് താലിബാന്‍ പറയുന്നത്.
അഹ്മദ് ഷാ മസൂദ്, അമറുല്ല സലേഹ്, അമീര്‍ അക്മല്‍ തുടങ്ങിയ നേതാക്കളും പ്രാദേശിക പട്ടാളക്കാരും അഫ്ഗാന്‍ പ്രതിരോധസേനയിലെ അംഗങ്ങളുമടക്കം ഏകദേശം 9000 പേരാണ് പഞ്ച്ഷിറില്‍ താലിബാനോട് യുദ്ധം ചെയ്തുകൊണ്ടിരുന്നതെന്നാണ് വിവരം.


