
ദോഹ: വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ അനുവാദമുണ്ടാകില്ലെന്ന ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ് നിരവധി പേരെ കുഴപ്പിക്കുന്നു. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലോകത്തെവിടെയും വാക്‌സിന്‍ കൊടുത്തു തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് വാക്‌സിനെടുക്കാത്ത കുട്ടികളുമായി ഫാമിലി, വിസിറ്റിംഗ് വിസയില്‍ ഖത്തറിലേക്ക് വരാനാവില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാക്‌സിനെടുത്തിട്ടില്ലാത്ത കുട്ടികളെ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ്
സംശയ നിവാരണത്തിനായി എംബസിയില്‍ വിളിക്കുന്നവര്‍ക്കാകട്ടെ കൃത്യമായ മറുപടിയും ലഭിക്കുന്നില്ല. അത്യാവശ്യമെങ്കില്‍ അംബാസഡറുമായി നേരില്‍ ബന്ധപ്പെടാനുള്ള മറുപടിയാണ് എംബസി ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകുന്നതെന്ന് എംബസിയില്‍ ഫോണ്‍ ചെയ്തന്വേഷിച്ച ചിലര്‍ പറഞ്ഞു.


ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ട്വീറ്റ് ചെയ്തതെന്നും കുട്ടികളുമായി ഖത്തറിലേക്കെത്താനുള്ള കുടുംബ വിസയുള്ള ചിലര്‍ പ്രതികരിക്കുന്നു. ഫാമിലി വിസയുള്ളവര്‍ക്ക് കുട്ടികളെ മാത്രം നാട്ടില്‍ നിര്‍ത്തി ഖത്തറിലേക്ക് മടങ്ങാനാവില്ലെന്ന യാഥാര്‍ഥ്യം പോലും മനസ്സിലാക്കാതെയാണോ എംബസി ഇത്തരം ട്വീറ്റ് ചെയ്യുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.


