കലാസൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ച തീര്‍ത്ത് തനിമ ഇന്‍സൈറ്റ് പെയിന്റിംഗ് മത്സരം സമാപിച്ചു; വിജയികളെ പ്രഖ്യാപിച്ചു

Web Desk
2 Min Read

ദോഹ: കലാ സൗന്ദര്യത്തിന്റെ വിസ്മയക്കാഴ്ച തീര്‍ത്ത് തനിമ ഖത്തര്‍ റമദാനില്‍ സംഘടിപ്പിച്ച ഇന്‍സൈറ്റ് 2026 സീസണ്‍ 1 പെയിന്റിംഗ് മത്സര വിജയികളുടെ പ്രഖ്യാപനവും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സമാപന ചടങ്ങിലാണ് മത്സരവിജയികളെ പ്രഖ്യാപിച്ചത്.

city exchange

സിറാജുദ്ദീന്‍ കെ വി ഒന്നാം സ്ഥാനവും ശിഹാര്‍ ഹംസ, ഉമാ റാമിയ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി ദോഹയിലെ മികച്ച ചിത്രകാരന്മാര്‍ക്കുള്ള പുരസ്‌കാരത്തിനര്‍ഹരായി. ഖത്തറിലെ പ്രമുഖ ചിത്രകാരന്‍ ഇസ്മാഈല്‍ അസം ആണ് വിജയികളെ തെരഞ്ഞെടുത്തത്.

ലുസൈല്‍ ആര്‍ട്ട് ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ ഖത്തരി കലാകാരന്‍ ഡോ. മുഹമ്മദ് സുല്‍ത്താന്‍ അല്‍ ദര്‍വീശ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, തനിമ രക്ഷാധികാരി ആര്‍ എസ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഖുര്‍ആനിക സൂക്തത്തെ ആധാരമാക്കി വിശുദ്ധ റമദാനില്‍ ‘ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ ഖത്തറിലെ കലാകാരന്മാര്‍ക്കായി നടത്തിയ മത്സരത്തില്‍ വിവിധ രാജ്യക്കാരായ നാല്‍പത് പേരാണ് എന്‍ട്രികള്‍ സമര്‍പിച്ചത്. സമ്മാനദാനച്ചടങ്ങിന്റെ ഭാഗമായി ലുസൈല്‍ ആര്‍ട് ഫാക്ടറിയില്‍ ഒരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഡോ. മുഹമ്മദ് സുല്‍താന്‍ അല്‍ ദര്‍വീശ് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി നടത്തിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.

- Advertisement -
Ad image

സി ഐ സി ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ, തനിമ ഖത്തര്‍ കോ ഓഡിനേറ്റര്‍ സുഹൈല്‍ ശാന്തപുരം, തനിമ ഡയറക്ടര്‍ ജസീം സി കെ, ജനറല്‍ സെക്രട്ടറി നാസര്‍ വേളം, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സല്‍മാന്‍, സെക്രട്ടറി മുജീബ് കെ കെ, യൂനുസ്, ഇജാസ് ആര്‍ട് ഫാക്ടറി, തനിമ എക്സിക്യൂട്ടീവ് അംഗങ്ങളായ ലത്തീഫ് വടക്കേക്കാട്, സാലിം വേളം, ബാസിത് ഖാന്‍, ഷഫാ ബച്ചി എന്നിവര്‍ കലാകാരന്മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

ഇന്‍സൈറ്റ് കൂടുതല്‍ വിപുലവും ആകര്‍ഷകവുമായ രീതിയില്‍ വരും വര്‍ഷങ്ങളിലും സംഘടിപ്പിക്കുമെന്ന് തനിമ ഡയറക്ടര്‍ ജസീം വ്യക്തമാക്കി. പ്രമുഖ ഐ ടി കമ്പനിയായ ടി എസ് ഖത്തറാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

പ്രമുഖ ചിത്രകാരനും തനിമ എക്‌സിക്യൂട്ടീവ് അംഗവുമായ ബാസിത് ഖാന്‍, ആര്‍ട്ട് ഫാക്ടറി ഡയക്ടര്‍ ഇജാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!