
ദോഹ: ഖത്തറിലെ പ്രധാന ശീതകാല ടൂറിസം പരിപാടികളിലൊന്നായ സീലൈന്‍ സീസണ്‍ 2026-ല്‍ വീണ്ടും അരങ്ങേറുന്നു. വിജിറ്റ് ഖത്തര്‍ പുറത്തിറക്കിയ അറിയിപ്പനുസരിച്ച് സീലൈന്‍ സീസണ്‍ 2026 ജനുവരി 9ന് ആരംഭിച്ച് ജനുവരി 30 വരെ സീലൈന്‍ മേഖലയില്‍ നടക്കും. വിവിധ പ്രായക്കൂട്ടങ്ങള്‍ക്കായി വിനോദവും സാംസ്‌കാരിക പരിപാടികളും ഔട്ട്ഡോര്‍ അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന സമൃദ്ധമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

മുന്‍ പതിപ്പ് സ്വദേശികളും വിദേശ സന്ദര്‍ശകരുമടക്കം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. വിനോദം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രകൃതിയുമായി ഇണങ്ങുന്ന അനുഭവങ്ങള്‍ എന്നിവയുടെ സമന്വയമാണ് ഈ പരിപാടിയെ ശ്രദ്ധേയമാക്കിയത്.

2026-ലെ സീസണില്‍ ഒരു മാസത്തോളം നീളുന്ന നിരവധി തത്സമയ പ്രകടനങ്ങളും പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 9, 10 തിയ്യതികളില്‍ നടക്കുന്ന മോണ്‍സ്റ്റര്‍ ജാം ഇവന്റോടെയാണ് തുടക്കം. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ സംഗീത കച്ചേരികളും സാംസ്‌കാരിക സന്ധ്യകളും അരങ്ങേറും. ജനുവരി 30നാണ് സീസണ്‍ സമാപിക്കുക.
സ്റ്റേജ് പരിപാടികള്‍ക്കൊപ്പം മണല്‍ക്കുന്നുകളിലൂടെ സാഹസിക യാത്രകള്‍ (ഡ്യൂണ്‍ ബാഷിംഗ്), കടല്‍ത്തീരത്ത് കുതിരസവാരി, ഡ്യൂണ്‍ ബഗ്ഗി, എടിവി റൈഡുകള്‍ തുടങ്ങിയ വിവിധ കായിക- സാഹസിക പ്രവര്‍ത്തനങ്ങളും സന്ദര്‍ശകര്‍ക്ക് ലഭ്യമാകും.
മരുഭൂമിയുടെ പ്രകൃതിസൗന്ദര്യവും പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകവും മുന്നോട്ട് വയ്ക്കുന്ന രീതിയിലാണ് സീലൈന്‍ സീസണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗതവും ആധുനികവുമായ വിനോദങ്ങള്‍ മരുഭൂമിസാഹസികതയുമായി സമന്വയിപ്പിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
കുടുംബസൗഹൃദ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് സാഹസികത പ്രിയര്‍ക്കും സംഗീതപ്രേമികള്‍ക്കും ഒരുപോലെ അനുയോജ്യമായ വിവിധ അനുഭവങ്ങള്‍ സീലൈന്‍ സീസണ്‍ തുടര്‍ന്നും നല്‍കും.
ഖത്തറിലെ ഔട്ട്ഡോര്‍ വിനോദങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടത്തില്‍ നടക്കുന്ന ഈ പരിപാടി ആഭ്യന്തര ടൂറിസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും മേഖലയില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യും.

