
ദോഹ: ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ തന്റെ ഓഫീസില്‍ ഖത്തറിലെ ഇന്തോനേഷ്യന്‍ അംബാസഡര്‍ റിദ്വാന്‍ ഹസ്സനുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ തന്റെ സേവനകാലാവധി അവസാനിക്കുന്നതിനോടനുബന്ധിച്ചുള്ള സന്ദര്‍ശനമായാണ് അംബാസഡര്‍ ഡെപ്യൂട്ടി അമീറിനെ സന്ദര്‍ശിച്ചത്.

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ മാനിച്ച് ഡെപ്യൂട്ടി അമീര്‍ ഇന്തോനേഷ്യന്‍ അംബാസഡര്‍ക്ക് അല്‍ വജ്ബ ഡെക്കറേഷന്‍ സമ്മാനിച്ചു. ഭാവിയിലെ ചുമതലകളില്‍ വിജയം ആശംസിച്ച ഡെപ്യൂട്ടി അമീര്‍ ഖത്തറും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, ഖത്തറിലെ സേവനകാലയളവില്‍ തന്റെ ദൗത്യങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ സഹായകമായ സഹകരണത്തിന് അമീറിനും ഡെപ്യൂട്ടി അമീറിനും രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്കും ഇന്തോനേഷ്യന്‍ അംബാസഡര്‍ നന്ദിയും കടപ്പാടും അറിയിച്ചു.
