
ദോഹ: യമനില്‍ തുടരുന്ന സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഖത്തര്‍ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

യമനിലെ നിയമപരമായ സര്‍ക്കാരിന് ഖത്തര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് ഖത്തര്‍ വീണ്ടും ഉറപ്പുനല്‍കുന്നുവെന്നും യമന്റെ ഐക്യവും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും യമനി ജനതയുടെ താത്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും സുരക്ഷ, സ്ഥിരത, വികസനം എന്നീ ലക്ഷ്യങ്ങളിലേക്കുള്ള അവരുടെ ആകാംക്ഷകള്‍ സഫലീകരിക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് ഖത്തര്‍ ഊന്നിപ്പറയുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. യമനി ജനതയ്ക്കും അവരുടെ നിയമപരമായ സുരക്ഷാ- സ്ഥിരത- വികസന ആകാംക്ഷകള്‍ക്കും പിന്തുണ നല്‍കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

സൗദി അറേബ്യയുടെ സുരക്ഷയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗരാജ്യങ്ങളുടെ സുരക്ഷയും ഖത്തറിന്റെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ജി സി സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സഹോദരബന്ധങ്ങളും ഇതിന് അടിസ്ഥാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രദേശത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും നല്ല അയല്‍ബന്ധത്തിന്റെ തത്വങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ജി സി സി ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങളോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതുമായ സൗദി അറേബ്യയും യു എ ഇയും പുറത്തിറക്കിയ പ്രസ്താവനകളെ മന്ത്രാലയം പ്രശംസിച്ചു.
സംവാദവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ഖത്തര്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സംവാദവും നയതന്ത്രവുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

