ബഹ്‌റൈനില്‍ വൈദ്യുതി തടസ്സമുണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

മനാമ: വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.

city exchange

വെളിച്ചത്തിനായി മെഴുകുതിരികള്‍ക്ക് പകരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടോര്‍ച്ചുകളോ ഫ്‌ളാഷ്ലൈറ്റുകളോ ഉപയോഗിക്കണമെന്നും മെഴുകുതിരി ഉപയോഗിക്കേണ്ടി വന്നാല്‍ അവ കര്‍ട്ടനുകളുടെയോ കത്തുന്ന മറ്റു സാധനങ്ങളുടെയോ അടുത്തുനിന്ന് മാറ്റി വെക്കുകയും വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. ഒരിക്കലും മെഴുകുതിരികള്‍ കത്തിച്ചുവെച്ച് ശ്രദ്ധിക്കാതെ പോകരുതെന്നും അറിയിച്ചു.

മുറിക്കുള്ളില്‍ കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വീടിനുള്ളിലോ ഗാരേജുകള്‍ പോലെയുള്ള അടച്ചിട്ട സ്ഥലങ്ങളിലോ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയ ആഭ്യന്തര മന്ത്രാലയം ഇത്തരം പ്രവര്‍ത്തികളിലൂടെ മാരകമായ വാതകങ്ങള്‍ ഉള്ളില്‍ നിറയാന്‍ കാരണമാകുമെന്നും അറിയിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വെള്ളം, ഭക്ഷണം, പ്രഥമശുശ്രൂഷാ സാമഗ്രികള്‍, ടോര്‍ച്ച്, ബാറ്ററികള്‍ എന്നിവ ഉള്‍പ്പെടുന്ന അടിയന്തര കിറ്റ് എപ്പോഴും തയ്യാറാക്കി വെക്കണം. ഫോണുകള്‍ പരമാവധി ചാര്‍ജ് ചെയ്ത് സൂക്ഷിക്കുകയും പവര്‍ ബാങ്കുകള്‍, കാര്‍ ചാര്‍ജറുകള്‍ തുടങ്ങിയ ബാക്കപ്പ് സംവിധാനങ്ങള്‍ കരുതിയിരിക്കുകയും വേണം.

- Advertisement -
Ad image

വാഹനങ്ങളില്‍ എപ്പോഴും ഇന്ധനം നിറച്ചു സൂക്ഷിക്കാന്‍ ശ്രദ്ധിക്കുകയും ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കാര്‍ ഉപയോഗിക്കുമ്പോള്‍ അടച്ചിട്ട ഗാരേജുകളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഇടുന്നത് ഒഴിവാക്കുകയും വേണം.

പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി നാഷണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ncpp.gov.bh/ സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!