കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മൂന്നാമൂഴം

Web Desk
2 Min Read

ഒന്റാരിയോ: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മൂന്നാം തവണയും കാനഡയുടെ പ്രധാനമന്ത്രിയാകും. പൊതു തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ പാര്‍ട്ടിക്ക് ട്രൂഡോയ്ക്ക് കേവല ഭൂരിപക്ഷമില്ല.

city exchange


കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ 338 സീറ്റുകളില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 158 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 170 സീറ്റുകള്‍ വേണം. 119 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായ ബ്ലോക്ക് ക്യൂബക്കോയ്സിന് 34 സീറ്റുകളാണ് ലഭിച്ചത്.


സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലിബറല്‍ പാര്‍ട്ടിക്ക് വീണ്ടും ഇന്ത്യന്‍ വംശജനായ ജഗ്മീത് സിംഗ് നയിക്കുന്ന എന്‍ ഡി പിയുടെ സഹകരണം തേടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഹൗസില്‍ 24 സീറ്റുകളുണ്ടായിരുന്ന എന്‍ ഡി പിക്ക് ഇത്തവണ 27 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് സൂചന. 23 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. നാല് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

- Advertisement -
Ad image


രണ്ടു വര്‍ഷം കഴിഞ്ഞു മാത്രമേ തെരഞ്ഞെടുപ്പു നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് കൈകാര്യം ചെയ്ത രീതി സര്‍ക്കാരിനും വ്യക്തിപരമായും ഉണ്ടാക്കിയ സ്വീകാര്യത മുതലെടുക്കുന്നതിന് നേരത്തെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ട സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. 2015ലാണ് ജസ്റ്റിന്‍ ട്രൂഡോ ആദ്യമായി അധികാരത്തിലെത്തിയത്.


കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ട്രൂഡോ നിശിത വിമര്‍ശനമാണ് പ്രതീക്ഷിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ശരിവയ്ക്കുന്ന ന്യായങ്ങളൊന്നും ട്രൂഡോയ്‌ക്കോ ലിബറല്‍ പാര്‍ട്ടിക്കോ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ജനങ്ങളില്‍ നിന്നും കേവല ഭൂരിപക്ഷത്തിനുള്ള വോട്ടുകള്‍ ലഭിക്കാതിരുന്നതെന്നതാണ് വിമര്‍ശകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍ തന്റെ ‘പുരോഗമന അജണ്ട’യ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കിയെന്നാണ് ട്രൂഡോ പ്രതികരിച്ചത്.


കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് എറിന്‍ ഓ ടൂളിനും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ യാഥാസ്ഥിക നിലപാടില്‍ വെള്ളം ചേര്‍ത്ത് കൂടുതല്‍ ജനപിന്തുണ നേടാന്‍ ശ്രമിച്ച ഓ’ടൂളിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് വിമര്‍ശകരുടെ പക്ഷം.


വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ അഭിപ്രായ വോട്ടെടുപ്പുകള്‍ ലിബറലുകളും കണ്‍സര്‍വേറ്റിവുകളും ഒപ്പത്തിനൊപ്പമാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും കണ്‍സര്‍വേറ്റിവുകള്‍ക്ക് 2019നെ അപേക്ഷിച്ച് നാമമാത്രമായ സീറ്റ് വര്‍ധനവ് മാത്രമാണ് നേടാനായത്. തനിക്ക് ഇനിയുമൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഓ’ടൂള്‍ ഫലപ്രഖ്യാപനവേളയില്‍ പറഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!