
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെലിഫോണില്‍ ബന്ധപ്പെട്ടു.

മിഡില്‍ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ- സുരക്ഷാ സാഹചര്യങ്ങളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഘര്‍ഷ ലഘൂകരണ, സ്ഥിരത ഉറപ്പാക്കല്‍ ശ്രമങ്ങളും ഇരുനേതാക്കളും ഫോണിലൂടെ ചര്‍ച്ച ചെയ്തു.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കുന്നതിനുമായി രാഷ്ട്രീയ- നയതന്ത്ര പരിഹാരങ്ങള്‍ക്കും എല്ലാ കക്ഷികളും തമ്മിലുള്ള സംവാദത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം അമീര്‍ ഊന്നിപ്പറഞ്ഞു.
നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തുടര്‍ച്ചയായ സംവാദം അനിവാര്യമാണെന്നും കടല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും തന്ത്രപ്രധാനമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വിതരണ- ഊര്‍ജ ശൃംഖലകളുടെ സുഗമമായ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
പ്രാദേശിക സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തില്‍ ചര്‍ച്ചയായി.

