യു എസ് വിളിച്ചുചേര്‍ത്ത ബഹുരാഷ്ട്ര യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു

Web Desk
1 Min Read

ന്യൂയോര്‍ക്ക്: യു എസ് വിളിച്ചുചേര്‍ത്ത ബഹുരാഷ്ട്ര യോഗത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. യു എന്‍ ആസ്ഥാനത്ത് പൊതുസഭയുടെ 81-ാം സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടന്നത്.

city exchange

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈന്‍, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറഅ, തുര്‍ക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അല്‍ സൈദി, ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, ലെബനന്‍ പ്രധാനമന്ത്രി ഡോ. നവാഫ് സലാം, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധി സംഘാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

മധ്യപൂര്‍വദേശത്തെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങള്‍, അവ പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഊര്‍ജവിതരണത്തിലും സമ്പദ്വ്യവസ്ഥയിലും ഉണ്ടാകുന്ന സ്വാധീനം എന്നിവ യോഗം ചര്‍ച്ച ചെയ്തു.

- Advertisement -
Ad image

യുദ്ധാനന്തര ഘട്ടത്തിനായി നിര്‍ദേശിക്കപ്പെട്ട തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തി. സംഭാഷണത്തിനും നയതന്ത്രപരമായ പരിഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കി മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!