ബ്രിട്ടീഷ് എയര്‍വേയ്സ് ദുബായ്, ദോഹ, ബഹറൈന്‍, അബൂദാബി സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി

Web Desk
1 Min Read

ലണ്ടന്‍: ദുബായി, ദോഹ, ബഹ്‌റൈന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം റിയാദ്, ജിദ്ദ സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല.

city exchange

ദുബായിലേക്കുള്ള വിമാന സര്‍വീസ് ജൂണ്‍ മാസംവരെ നിര്‍ത്തിവെക്കാനാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് തീരുമാനം.

ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യു എസ്- ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യോമമേഖലയില്‍ അസ്ഥിരത തുടരുന്നതിനാലാണ് ഈ നടപടി.

ബഹ്‌റൈന്‍, അമ്മാന്‍, ടെല്‍അവീവ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് 31 വരെ നിര്‍ത്തിവെക്കുന്നതായാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദോഹയിലേക്കുള്ള സര്‍വീസുകള്‍ ഏപ്രില്‍ അവസാനം വരെയാണ് നിര്‍ത്തുന്നതായി അറിയിച്ചിരിക്കുന്നത്. അബൂദാബിയിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം റദ്ദാക്കിയിട്ടുണ്ട്.

- Advertisement -
Ad image

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കില്‍ തീപിടുത്തമുണ്ടാക്കിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൂടെ നടക്കുന്ന ആഗോള യാത്രകളില്‍ സംഘര്‍ഷം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് പുതിയ നീക്കം വ്യക്തമാക്കുന്നത്.

എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ തിരിച്ചുവിടേണ്ടി വന്നിരുന്നു. ഹീത്രോ, എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് വഴിതിരിച്ചു വിട്ടത്. ആക്രമണത്തിന് ശേഷം ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ പുനഃരാരംഭിച്ചിട്ടില്ല.

യു എസ്- ഇസ്രായേല്‍ യുദ്ധകാലത്ത് ഒരു പ്രമുഖ വിമാനക്കമ്പനി സ്വീകരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ നിര്‍ത്തിവെക്കലാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റേത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യു എ ഇയില്‍ നിന്നും 63,000ല്‍ അധികം ബ്രിട്ടീഷുകാര്‍ നാട്ടിലേക്ക് മടങ്ങിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിമാന നിരീക്ഷണ സേവനമായ ഫ്‌ളൈറ്റ്‌റഡാര്‍24ന്റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച എമിറേറ്റ്‌സ് 369 സര്‍വീസുകളാണ് നടത്തിയത്. ഇത് സംഘര്‍ഷത്തിന് മുമ്പുള്ള സര്‍വീസുകളുടെ ഏകദേശം 70 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

ഖത്തര്‍ എയര്‍വെയ്‌സ് ബുധനാഴ്ച മുതല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഓരോ ദിവസവും നടത്താവുന്ന സര്‍വീസുകളുടെ എണ്ണം വളരെ പരിമിതമാണെന്നും ഓരോ സര്‍വീസും കൃത്യമായ പദ്ധതി പ്രകാരവും അനുമതികളോടെയും മാത്രമേ നടത്താനാവുകയുള്ളവെന്നും വക്താവ് വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!