
സ്റ്റോക്കോം: 2025ലെ രസതന്ത്ര നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അറബ് വംശജന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി. ഗവേഷകരായ സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഉമര്‍ എം യാഗി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റല്‍- ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് നൊബേല്‍ പുരസ്‌കാരം.

മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെ വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കള്‍ നിര്‍മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയതെന്ന് ജൂറി പറഞ്ഞു.

മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. ‘ലോഹ- ഓര്‍ഗാനിക് ചട്ടക്കൂടുകള്‍ക്ക് വലിയ കഴിവുണ്ട്, പുതിയ പ്രവര്‍ത്തനങ്ങളുള്ള ഇഷ്ടാനുസൃതമായി നിര്‍മിച്ച വസ്തുക്കള്‍ക്ക് മുന്‍പ് പ്രതീക്ഷിക്കാത്ത അവസരങ്ങള്‍ നല്‍കുന്നു,’ എന്ന് രസതന്ത്രത്തിനുള്ള നൊബേല്‍ കമ്മിറ്റിയുടെ ചെയര്‍മാനായ ഹൈനര്‍ ലിങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണ്‍ രസതന്ത്രത്തില്‍ പിഎച്ച്ഡി നേടിയ കിറ്റഗാവ ഹംബോള്‍ട്ട് ഗവേഷണ പുരസ്‌കാരം (2008), ഡി ജെന്നസ് പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിലവില്‍ ക്യോട്ടോ സര്‍വകലാശാലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
യു കെയില്‍ ജനിച്ച് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ രസതന്ത്രം പഠിച്ച റോബ്‌സണ്‍ ഇപ്പോള്‍ മെല്‍ബണ്‍ സര്‍വകലാശാലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ജോര്‍ദാനിലെ അമ്മാനില്‍ ജനിച്ച യാഗി യു എസിലെ ഇല്ലിനോയി ഉര്‍ബാന -ചാമ്പെയ്ന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി ഇപ്പോള്‍ യു എസിലെ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് പ്രവര്‍ത്തിക്കുന്നത്. നെറ്റ്‌വര്‍ക്ക് കെമിസ്ട്രി, നാനോ മെറ്റീരിയലുകള്‍ എന്നീ മേഖലകളിലെ മികച്ച ശാസ്ത്രീയ ശ്രമങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരമായി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പ്രൊഫ. ഉമര്‍ യാഗിക്ക് സൗദി പൗരത്വം നല്‍കിയിരുന്നു.
കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ വേള്‍ഡ് അവാര്‍ഡ് ഓഫ് സയന്‍സ്, വുള്‍ഫ് പ്രൈസ് ഇന്‍ കെമിസ്ട്രി, എനി എനര്‍ജി എക്‌സലന്‍സ് അവാര്‍ഡ്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസില്‍ നിന്നുള്ള ഗ്രിഗറി അമിനോഫ് പ്രൈസ്, ഫിന്‍ഫ്യൂച്ചര്‍ പ്രൈസ് ഫോര്‍ എമര്‍ജിംഗ് സയന്‍സസ് ആന്റ് ടെക്‌നോളജീസ്, ഏണസ്റ്റ് സോള്‍വേ പ്രൈസ്, അറബ് ജീനിയസ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ ഉമര്‍ യാഗിക്ക് ലഭിച്ചിട്ടുണ്ട്.
കിംഗ് അബ്ദുല്‍ അസീസ് സിറ്റി പോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്റിന്റെ ഉപദേഷ്ടാവും ഗവേഷണ, വികസന, ഇന്നൊവേഷന്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് അദ്ദേഹം.

