ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്; വിവിധ പരിപാടികളുമായി ഐ സി സി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ ഭാഗമായി ആസാദി ക അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ മെഗാ കള്‍ച്ചറല്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന പരിപാടികള്‍ 19 വരെ തുടരുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ആഗസ്ത് ഒന്നാം തിയ്യതി വൈകിട്ട് ഏഴരയ്ക്ക് ഐ സി സി അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ആഗസ്ത് ഒന്നു മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ വ്യത്യസ്ത സാംസ്‌ക്കാരിക പരിപാടികള്‍ നടക്കും. ഐ സി സിക്കു കീഴിലുള്ള വിവിധ സംഘടനകള്‍, ഇന്ത്യന്‍ സാമൂഹ്യ- സാംസ്‌ക്കാരിക വിഭാഗങ്ങള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, ജോലിക്കാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

സമാപനത്തോടനുബന്ധിച്ച് ആഗസ്ത് 19ന് ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഖവാലി ഗായകന്‍ ഡാനിഷ് ഹുസൈന്‍ ബദയുനിയുടെ നേതൃത്വത്തിലുള്ള ഖവാലി സംഘമാണ് പരിപാടി അവതരിപ്പിക്കുക.

ഓരോ ദിവസത്തേയും പരിപാടികള്‍ ഡിജിറ്റല്‍ മീഡിയ, പത്രമാധ്യമങ്ങള്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ ജനങ്ങളെ അറിയിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ എ പി മണികണ്ഠന്‍, കോര്‍ഡിനേറ്റര്‍ സുമ മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!