

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നീണ്ട 17 ദിവസത്തെ ശ്രമങ്ങളാണ് എല്ലാവരേയും പുറത്തെത്തിക്കാന്‍ സഹായിച്ചത്.

രാത്രി എട്ടു മണിയോടെയാണ് ആദ്യ തൊഴിലാളി പുറത്തിറങ്ങിയത്. പിന്നാലെ അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള അഞ്ചു പേരെ പുറത്തെത്തിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുരങ്കത്തിന് സമീപം ഒരുക്കിയ താത്ക്കാലിക മെഡിക്കല്‍ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വന്‍ സന്നാഹം തയ്യാറായിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളുടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിഷികേശ് എയിംസില്‍ എത്തിക്കുകയായിരുന്നു.
ഒരേസമയം മൂന്ന് ഹെലികോപ്ടറുകള്‍ ലാന്‍ഡ് ചെയ്യാവുന്ന സജ്ജീകരണങ്ങളും പ്രദേശത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ് മാന്വല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കിയതാണ് നേട്ടമായത്. നേരത്തെ ഡ്രില്ലിംഗ് യന്ത്രം ഉപയോഗിച്ച് തുരങ്കത്തിനകത്തേക്ക് വഴിയുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പാതി വഴിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഡ്രില്ലിങ് യന്ത്രം പുറത്തെടുക്കാന്‍ സാധിച്ചതോടെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പും സ്റ്റീല്‍ പാളികളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു നീക്കം ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, കേന്ദ്ര സഹമന്ത്രി ജനറല്‍ വി കെ സിംഗ് എന്നിവര്‍ തുരങ്കത്തിന് പുറത്ത് തൊഴിലാളികളെ സ്വീകരിക്കാനുണ്ടായിരുന്നു. തുരങ്കത്തിനു പുറത്തെത്തിച്ച തൊഴിലാളികളെല്ലാം ആരോഗ്യവാന്മാരാണെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി.
രക്ഷപ്പെട്ട് പുറത്തെത്തിയ തൊഴിലാളികളെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തും.

