ആഗോള വാണിജ്യ രംഗത്ത് ഇന്ത്യയെ മുന്‍നിരയിലെത്തിക്കും: വി മുരളീധരന്‍

Web Desk
2 Min Read

തിരുവനന്തപുരം: കോവിഡിന്റെ വെല്ലുവിളിയെ അതിജീവിച്ചും ആഗോളവാണിജ്യ രംഗത്ത് ഇന്ത്യ സ്വാശ്രയത്വവും നേതൃപദവിയും കൈവരിക്കാന്‍ ലക്ഷ്യമിടുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയം, സ്പൈസസ് ബോര്‍ഡ് എന്നിവ സംഘടിപ്പിച്ച കയറ്റുമതിക്കാരുടേയും വ്യവസായികളുടേയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange


ഇന്ത്യയില്‍ ഉത്പാദിപ്പിക്കുക, ലോകത്തിനു വേണ്ടി ഉത്പാദിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എളുപ്പവും കാര്യക്ഷമവുമാക്കാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കാന്‍ വാണിജ്യവകുപ്പ് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 2021-22 വര്‍ഷം ചരക്ക് കയറ്റുമതി 400 ബില്യണ്‍ ഡോളര്‍ കടത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങളും വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് പിന്തുണയേകുന്നു.


കൊച്ചിയില്‍ തുടക്കമിട്ട വാണിജ്യ സപ്താഹ് വാരാഘോഷത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും കയറ്റുമതിക്കാരുടേയും വ്യവസായികളുടേയും സംഗമം സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.
വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും വിധം സംസ്ഥാനത്തെ ഊര്‍ജസ്വലവും കാര്യക്ഷമവുമായ ഒരിടമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ക്ലേവില്‍ സംസാരിച്ച നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നതും പരിസ്ഥിതി സൗഹാര്‍ദവും നിലനില്‍ക്കത്തക്കതും തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതുമായ സാമ്പത്തികവളര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്.

- Advertisement -
Ad image


പ്രാദേശികമായ പ്രകൃതിസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കി മാറ്റിത്തീര്‍ക്കുമെന്ന് സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ പരാതി പരിഹാര സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് സമയബന്ധിതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യും. ഭൂവിനിയോഗം മികച്ച രീതിയിലാക്കുമെന്നും ഭൂമി ലീസ് ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ ലളിതമാക്കുമെന്നും രാജീവ് പറഞ്ഞു.


വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പിനും വളര്‍ച്ചയ്ക്കും സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കിയ കാര്യങ്ങള്‍ എക്സ്പോര്‍ട്ട് കമ്മീഷണറും വ്യവസായ, വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ഇ ഇളങ്കോവന്‍ വിശദീകരിച്ചു. കേരളത്തിന്റെ സാമൂഹിക പുരോതിയെ സാമ്പത്തിക പുരോഗതിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാനവവിഭവശേഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, എം എസ് എം ഇകളെ പ്രോത്സാഹിപ്പിക്കല്‍, സംരഭത്വ വികസനം, പുതിയ പ്രാവീണ്യങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ കേരളത്തിന് ആഗോളതലത്തില്‍ത്തന്നെ പ്രമുഖ സ്ഥാനമുണ്ടെന്നും ഇത് കണക്കിലെടുത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലാവാരം വര്‍ധിപ്പിക്കാന്‍ മികച്ച കൃഷി, സംസ്‌കരണ രീതികള്‍ നടപ്പാക്കുമെന്നും മുഖ്യപ്രഭാഷണം നിര്‍വഹിച്ച സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ ജി തങ്കപ്പന്‍ പറഞ്ഞു.


മൂന്നു ദിവസമായി സംസ്ഥാനത്തെ ബിസിനസ്, രാഷ്ട്രീയ തലസ്ഥാനങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് വ്യവസായ പ്രമുഖരില്‍ നിന്നും കയറ്റുമതി സ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണമുണ്ടായെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു. കേന്ദ്രവാണിജ്യ മന്ത്രാലയം, സ്പൈസസ് ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ്, സി ഐ ഐ എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!