

ദോഹ: ഖത്തറിന്റെ ക്രൂയിസ് ബിസിനസ് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചതായും ക്രൂയിസ് യാത്രക്കാരുടെ ഗണ്യമായ ഒഴുക്ക് മാത്രമല്ല, ശ്രദ്ധേയമായ എണ്ണം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്തതായി ഖത്തര്‍ ടൂറിസം സി ഒ ഒ ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ പറഞ്ഞു.

ഏപ്രില്‍ ആദ്യവാരം അവസാനിച്ച ക്രൂയിസ് സീസണ്‍ 2022/ 2023ല്‍ 273,666 യാത്രക്കാരും ജോലിക്കാരുമാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച ഈ സീസണില്‍ ഏകദേശം 55 കപ്പലുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.

ദോഹ തുറമുഖത്ത് എത്തിയ കപ്പലുകളില്‍ ലെ ബോഗന്‍വില്ലെ, എം എസ് സി വേള്‍ഡ് യൂറോപ്പ, അര്‍ട്ടാനിയ, കോസ്റ്റ ടോസ്‌കാന, എമറാള്‍ഡ് അസുറ, മെയന്‍ സ്‌കിഫ് 6 എന്നിവ ഉള്‍പ്പെടുന്നു. 2021/2022 സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 166 ശതമാനം വര്‍ധനവാണിത്.
എത്തിച്ചേരുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ രാജ്യം ഏകദേശം ഒന്നര ദശലക്ഷം സന്ദര്‍ശകരാണെത്തിയതെന്നും സി ഒ ഒ വിശദീകരിച്ചു.

