

ദോഹ: ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ഇവന്റോസ് മീഡിയ ഖത്തറില്‍ ദ്വിദിന സിനിമാ ശില്‍പശാല സംഘടിപ്പിക്കുന്നു.

’24 റീല്‍സ് ഫിലിം വര്‍ക്‌ഷോപ്പ്’ എന്ന പേരില്‍ സെപ്തംബര്‍ 15, 16 തിയ്യതികളില്‍ ദോഹ ഹോളിഡേ ഇന്‍ ഹാളില്‍ വെച്ചാണ് ശില്‍പശാല നടക്കുന്നത്.

അനുഭവസമ്പന്നരായ ചലച്ചിത്ര പ്രവര്‍ത്തകരായ പത്മശ്രീ സന്തോഷ് ശിവന്‍, ലാല്‍ ജോസ്, സലിം കുമാര്‍, എസ് എന്‍ സ്വാമി എന്നിവരാണ് ശില്പശാലയിലെ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്.
സിനിമയുടെ വിവിധതലങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ വിവിധ തലങ്ങളെ സംബന്ധിച്ച സെഷനുകളാണ് ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ക്ലാസുകളും പരിശീലന സെഷനുകളും മുഖാമുഖവുമെല്ലാം ഉള്‍പ്പെട്ട ദ്വിദിന ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിഥികള്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 77660327 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

