ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

Web Desk
2 Min Read

പറവൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കാമെന്നു പറഞ്ഞ് വന്‍ തുക തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. തൃപ്രയാര്‍ കെ കെ കോംപ്ലക്‌സില്‍ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂണ്‍പീസില്‍ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേര വളപ്പില്‍ മുഹമ്മദ് സമീര്‍ (34) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ല സൈബര്‍ പൊലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തത്.

city exchange

ആലുവ ചൂണ്ടി സ്വദേശിക്ക് ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുപ്പത്തിമൂന്നര ലക്ഷത്തോളമാണ് പിടികൂടിയവര്‍ കണ്ണികളായിട്ടുള്ള വന്‍ സംഘം തട്ടിയത്. അഞ്ച് ഇടപാടുകളിലൂടെയാണ് ചൂണ്ടി സ്വദേശി ഇത്രയും തുക നിക്ഷേപിച്ചത്.

ആദ്യ ഗഡു നിക്ഷേപിച്ചപ്പോള്‍ ലാഭ വിഹിതമെന്ന് പറഞ്ഞ് 5000 രൂപ നല്‍കി. ഈ വിശ്വാസമാണ് ഇദ്ദേഹത്തിന് വിനയായത്. സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ട്രേഡിംഗ് അക്കാദമി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ലിങ്കില്‍ നിന്ന് നേരെ പോയത് 200ലേറെ അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ്. അതില്‍ കമ്പനികളുടെ ഷെയര്‍ വാങ്ങിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഗ്രൂപ്പ് അഡ്മിന്‍ നല്‍കി. ഇതിലൂടെ ലാഭം കിട്ടിയവര്‍ അവരുടെ അനുഭവങ്ങളും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഇതും തട്ടിപ്പ് സംഘം തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ഗ്രൂപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ കൂടുതല്‍ അറിയുന്നതിനെന്നു പറഞ്ഞ് സംഘം ടെലഗ്രാം ഐ ഡിയും നല്‍കി.

എല്ലാ ദിവസവും 350 ശതമാനം ലാഭമാണ് വാഗ്ദാനം ചെയതിരുന്നത്. അതിന് ശേഷം ബാങ്ക് ഡീറ്റയിലും വ്യക്തിഗത വിവരങ്ങളും അയക്കുന്നതിന് ഒരു ലിങ്കും നല്‍കി. കമ്പനിയുടെ പേരിലുള്ള വെബ്‌സൈറ്റില്‍ അക്കൗണ്ടും അതില്‍ അയക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം അയച്ചു കൊടുത്തിരുന്നത്. അതിലേക്കാണ് അഞ്ചു പ്രാവശ്യമായി തുക നല്‍കിയത്. ലാഭമായി വന്‍തുക ഉണ്ടെന്ന് സംഘം വിശ്വസിപ്പിച്ചു. പിന്നെയും തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് ചൂണ്ടി സ്വദേശിക്ക് തട്ടിപ്പ് ബോധ്യമായത്.

- Advertisement -
Ad image

നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. ഉടനെ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് പരാതി നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

നിയമാനുസൃതമല്ലാത്ത ആപ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നത്. ഇവര്‍ക്ക് നിരവധി അക്കൗണ്ടുകളുണ്ട്. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്.

ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, എസ് ഐ ആര്‍ അജിത് കുമാര്‍, എ എസ് ഐ ആര്‍ ഡെല്‍ജിത്ത്, സീനിയര്‍ സി പി ഒമാരായ പി എം തല്‍ഹത്ത്, വികാസ് മണി, പി എസ് ഐനീഷ്, സി നിഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!