പാര്‍ട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി രണ്ടു പേര്‍ പിടിയില്‍

Web Desk
3 Min Read

തൃക്കാക്കര: കാക്കനാട്, തൃക്കാക്കര ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തില്‍ മാരക രാസലഹരി മരുന്നുമായി രണ്ട് പേര്‍ പിടിയിലായി. തൃക്കാക്കര കങ്ങരപ്പടി മില്ലുംപടി ദേശത്ത് നാണിമൂല വീട്ടില്‍ ബിപിന്‍ മോഹന്‍ (32), കോട്ടയം കല്ലറ മുണ്ടാര്‍ ദേശത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ അജിത്ത് പി കെ (23) എന്നിവരാണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്.

city exchange

പ്രധാനമായും റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന ‘പാര്‍ട്ടി ഡ്രഗ്ഗ്’ എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ആറു ഗ്രാം രാസലഹരി മരുന്ന് പിടിച്ചെടുത്തു. മയക്ക് മരുന്ന് ഉപയോക്താക്കളുടെ പ്രത്യേക ടെലിംഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളില്‍ ഇടനിലക്കാര്‍ വഴി മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്ന സംഘത്തിലെ രണ്ട് പ്രധാന കണ്ണികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി പേര്‍ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്.

കാക്കനാട് ഇടത്തവളമാക്കി വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച് സിറ്റി മെട്രോ ഷാഡോ ടീമിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ താമസിക്കാതെ ഓണ്‍ലൈന്‍ മുഖേന ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു മയക്ക് മരുന്ന് ഇടപാട്. വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുകയും വ്യത്യസ്ത മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ഇവരുടെ ഇടപാടുകള്‍ കണ്ടെത്തുക ദുഷ്‌കരമായിരുന്നു.

- Advertisement -
Ad image

കാക്കനാട് ഭാഗങ്ങളില്‍ ആഴ്ചകളോളം നീരീക്ഷണം ശക്തമാക്കി വരുന്നതിനിടയില്‍ ഇവര്‍ തൃക്കാക്കര കങ്ങരപ്പടിയിലുള്ള ഒരു ഹോട്ടലില്‍ താമസിച്ച് മയക്ക് മരുന്ന് ഇടപാട് നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി മെട്രോ ഷാഡോ സംഘം ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇവര്‍ മാരക അക്രമം അഴിച്ചു വിട്ടത് സംഭവം കണ്ടു നിന്നവരില്‍ ഭീതി പടര്‍ത്തി. ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നത് എന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. ഗ്രാമിന് 2000ത്തില്‍ പരം രൂപയ്ക്ക് വാങ്ങി 4000 മുതല്‍ 7000 രൂപ നിരക്കില്‍ മറിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു.

പാര്‍ട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ രാസലഹരി ഏകദേശം എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ ഉന്‍മാദാവസ്ഥയില്‍ തുടരുവാന്‍ ശേഷിയുള്ള അത്ര മാരകമാണ്. ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് ഉപയോഗിച്ച് തുടങ്ങിയാല്‍ ഇതില്‍ കുറഞ്ഞ മറ്റൊരു ലഹരിയിലേയക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയില്ലായെന്നത് ഇതിന്റെ വലിയൊരു അപകടാവസ്ഥയായി വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇവരുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ് സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ അജിത്കുമാര്‍ എന്‍ ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ ഡി ടോമി, ദിനോബ് പി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി അനിമോള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!