
കാബൂള്‍: ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടത്താനെത്തിയ ഐ എസ് അഫ്ഗാന്‍ ഘടകത്തിലെ ചാവേറുകളെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യു എസ്. ഒന്നിലേറെ ചാവേര്‍ ബോംബറുകള്‍ക്കു നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് അമേരിക്ക പറഞ്ഞു.

വിമാനത്താവളത്തിന് സമീപം റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രണ്ട് ആക്രമണങ്ങള്‍ വെവ്വേറെ സംഭവങ്ങളാണെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും താമസക്കാര്‍ ഒരു വലിയ സ്‌ഫോടനം മാത്രമാണ് കേട്ടതെന്നാണ് പറയുന്നത്.

പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടിയെടുത്തതെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് യു എസ് നേവി ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. അപകട സാധ്യതകള്‍ വിലയിരുത്തുന്നത് തുടരുന്നുണ്ടെങ്കിലും നിലവില്‍ ആക്രമണ സൂചനകളില്ലെന്നും അദ്ദേഹം പറഞ്ഞു.
ചാവേറുകളെ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയാണ് യു എസ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് താലിബാന്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ വാഹനം തകര്‍ന്നതായും അതിനുള്ളിലുള്ളവര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.
ഖ്വാജ ബുഗ്രയ്ക്ക് സമീപമാണ് റോക്കറ്റ് പതിച്ച് ഒരു കുട്ടി കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


