

ദുബൈ: യു എ ഇയില്‍ കോര്‍പ്പറേറ്റ് നികുതി നടപടികള്‍ ആഗസ്ത് ഒന്നുമുതല്‍ നടപ്പിലായി. ജൂണില്‍ പ്രാബല്യത്തില്‍ വന്ന കോര്‍പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട ഭേദഗതിയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആഗസ്ത് ഒന്നുമുതല്‍ നടപ്പില്‍ വരുന്നത്.

3,75,000 ദിര്‍ഹത്തിന് മുകളിലുള്ള വരുമാനത്തിന് അതായത് ഏതാണ്ട് 84 ലക്ഷത്തോളം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ 9 ശതമാനം നികുതി അടക്കണമെന്നതാണ് നിയമം.

ചെറുകിട ബിസിനസുകാരേയും സ്റ്റാര്‍ട്ടപ്പ് സംരഭകരേയും പരിഗണിച്ചാണ് കോര്‍പ്പറേറ്റ് നികുതിയുടെ സ്ലാബുകള്‍ നിശ്ചയിച്ചിട്ടുളളത്. ഫ്രീ സോണ്‍ ഏരിയയിലുളള കമ്പനികള്‍ക്ക് നികുതി ബാധകമല്ലെങ്കിലും നികുതി രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഒരു മില്യണ്‍ ദിര്‍ഹം വരെയുള്ള ഫ്രീലാന്‍സര്‍മാരുടെ വരുമാനവും പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
നികുതി അടയ്ക്കല്‍, റീഫണ്ട്, പാപ്പരാകുന്ന സാഹചര്യം എന്നിവ ഉള്‍പ്പെടെയുള്ള ചട്ടങ്ങളിലാണ് മന്ത്രാലയം പിന്നീട് ഭേദഗതി വരുത്തിയത്. ജൂണിലാണ് യു ഇ എയില്‍ കോര്‍പ്പറേറ്റ് നികുതി ബാധകമായത്. സ്ഥാപനത്തിലെ കണക്കുകള്‍ അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നും തര്‍ക്കമുള്ള അക്കൗണ്ട് ആണെങ്കില്‍ തര്‍ക്കം തീരുന്നത് വരെ അത് സൂക്ഷിക്കണമെനന്നും നിര്‍ദ്ദേശമുണ്ട്. കണക്കുകമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇംഗ്ലീഷില്‍ നല്‍കാവുന്നതാണ്.ആവശ്യപ്പെട്ടാല്‍ അത് അറബിയിലേക്ക് മൊഴിമാറ്റം നല്‍കണം.
നികുതിദായകന് നിയമ സഹായത്തിന് അഭിഭാഷകനെ നിയമിക്കാം. എന്നാല്‍ അതിന്റെ മുഴുവന്‍ രേഖകളും അധികൃതര്‍ക്ക് കൈമാറണം. അധികമായി നല്‍കുന്ന നികുതി തിരികെ ആശ്യപ്പെട്ടില്ലെങ്കില്‍ നികുതി കുടിശ്ശികയിലേക്ക് അത് വക ഇരുത്തും.
നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ പാലിക്കേണ്ട വ്യവസ്ഥകളും യു എ ഇ പരിഷ്‌കരിച്ചിട്ടുണ്ട്. കമ്പനിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഓഡിറ്റര്‍ക്ക് കൈവശം വെക്കാന്‍ സാധിക്കും. നികുതി വെട്ടിപ്പിനുള്ള പിഴ 50,000 ദിര്‍ഹമായിരിക്കും.
പുതിയ നികുതി ചട്ടങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. 3,75,000 ദിര്‍ഹവും അതിന് മുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി അടയ്‌ക്കേണ്ടത്.

