

അബുദാബി: യു എ ഇയില്‍ അപകട സ്ഥലങ്ങളില്‍ തടിച്ചുകൂടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍. അപകട സ്ഥലങ്ങളില്‍ ഒത്തുകൂടുന്നതും പരിക്കേറ്റവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് ഒഴിവാക്കണമെന്നും യു എ ഇ എമിറേറ്റുകളിലെ പോലീസ് നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്താല്‍ യു എ ഇ ഫെഡറല്‍ നിയമം അനുസരിച്ച് ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.

അപകട സ്ഥലങ്ങളില്‍ ഒത്തുകൂടിയ നിരവധി കാഴ്ചക്കാര്‍ക്ക് അടുത്തിടെ ആയിരം ദിര്‍ഹം പിഴ ചുമത്തിയതായി ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മൊഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. അപകടം നടന്ന സ്ഥലപരിധിയില്‍ ആളുകള്‍ ഒത്തുകൂടുന്നത് സുരക്ഷാ അധികാരികള്‍ക്കും ആംബുലന്‍സുകള്‍ക്കും കൃത്യസമയത്ത് സ്ഥലത്തെത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിരക്ക് കാരണം ഗതാഗതം തടസ്സപ്പെടുകയും ചിലപ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ, അനുമതിയില്ലാതെ മൃതദേഹങ്ങളുടെയോ പരിക്കേറ്റവരുടെയോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്.

