

ദുബൈ: ദുരന്തബാധിതരെ സഹായിക്കാനുള്ള ആഗോള പ്ലാറ്റ്ഫോമുമായി യു എ ഇ രംഗത്ത്. പ്രകൃതി ദുരന്തങ്ങളുള്പ്പെടെയുള്ളവയില്പെട്ട് പ്രയാസത്തിലാവുന്ന ലോകത്തിലെ മനുഷ്യര്‍ക്ക് എത്രയും വേഗം സഹായം എത്തിക്കാന്‍ സഹായകമാവുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പണിപ്പുരയിലാണ് തങ്ങളെന്ന് യു എ ഇ വ്യക്തമാക്കി.

ലോകത്തിന്റെ ഏതു ഭാഗത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജാഗ്രതയോടെ രംഗത്തെത്തുന്ന രാജ്യമാണ് യു എ ഇ. യു എന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയ്ക്കിടെയാണ് യു എ ഇ ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, ജിയോസ്പേഷ്യല്‍ ടൂളുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തും. അവ ഒരു ഡാറ്റാബേസില്‍ സുരക്ഷിതമായി ഹോസ്റ്റ് ചെയ്യും. യു എന്നിലെ യു എ ഇയുടെ സ്ഥിരം അംബാസഡര്‍ ലാന നുസൈബെയാണ് ഇക്കാര്യം പറഞ്ഞത്.
ദുരന്ത ബാധിത രാജ്യങ്ങളെ അവരുടെ ആവശ്യങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വേഗത്തില്‍ അറിയിക്കാന്‍ സഹായിക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ റെസ്പോണ്‍സ് പ്ലാറ്റ്ഫോം.
ഡാനിയല്‍ കൊടുങ്കാറ്റിന്റെ ദുരന്തങ്ങളില്‍ സഹായവുമായി യു എ ഇ രക്ഷാപ്രവര്‍ത്തകര്‍ ലിബിയയിലെത്തിയിരുന്നു. യു എ ഇയിലെ വിവിധ സര്‍ക്കാരുകള്‍, സ്വകാര്യ മേഖല, മാനുഷിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം നടത്തുക.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്തെ സ്വകാര്യമേഖല ആഗോളതലത്തില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി 250 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്.

