വിജയമന്ത്രങ്ങള്‍ പന്ത്രണ്ടാം ഭാഗം പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പന്ത്രണ്ടാം ഭാഗം പുസ്തകത്തിന്റെ പ്രകാശനം ഖത്തറിലെ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു.

city exchange

സാമൂഹ്യ- സാംസ്‌കാരിക- വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍ പുസ്തകം പ്രകാശനം ചെയ്തു. ഏകദേശം 1,400 പുസ്തകങ്ങള്‍ വായിച്ച ഖത്തറിലെ ബാലപ്രതിഭ ഇശാന്‍ ഖാന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ജീവിതവിജയത്തിനും വ്യക്തിത്വവികസനത്തിനും പ്രചോദനം നല്‍കുന്ന വിജയമന്ത്രങ്ങള്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളും ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും പങ്കുവെക്കുന്ന പരമ്പരയാണെന്ന് പി എന്‍ ബാബുരാജന്‍ പറഞ്ഞു.

വായനയിലൂടെ അറിവിന്റെയും ചിന്തയുടെയും ലോകം വിപുലീകരിക്കുന്ന പുതുതലമുറയുടെ പ്രതിനിധിയായ ഇശാന്‍ ഖാനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാലിക വിഷയങ്ങളോട് സംവദിക്കുന്ന ബാലപ്രതിഭ മുഹമ്മദ് അമനേയും ചടങ്ങില്‍ അഭിനന്ദിച്ചു.

- Advertisement -
Ad image

ചടങ്ങില്‍ ഡോ. ഷീല ഫിലിപ്പോസ്, ജോസ് ഫിലിപ്പ്, സത്യേന്ദ്ര പഥക്, ഉവൈസ് ഉസ്മാന്‍, ഗായിക സിതാര ഷാഫി, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ജാസ്മിന്‍ റാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിജയത്തെ കേവലം നേട്ടങ്ങളുടെ പട്ടികയായി കാണാതെ, ചിന്ത, ശീലം, ആത്മവിശ്വാസം, നിരന്തരമായ പരിശ്രമം, വായന, മാനുഷിക മൂല്യങ്ങള്‍ എന്നിവയുടെ സമന്വയമായി അവതരിപ്പിക്കുകയാണ് വിജയമന്ത്രങ്ങള്‍ പരമ്പരയെ സവിശേഷമാക്കുന്നതെന്നും ജീവിതത്തിലെ ചെറിയ അനുഭവങ്ങളില്‍ പോലും വലിയ വിജയപാഠങ്ങള്‍ കണ്ടെത്താനും അവ പ്രായോഗികമായി ജീവിതത്തില്‍ കൊണ്ടുവരാനും ഈ പരമ്പര പ്രചോദനമാകുന്നുവെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പുതുതലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനും ജീവിതവിജയത്തെക്കുറിച്ച് പോസിറ്റീവായ ചിന്തകള്‍ വളര്‍ത്തുന്നതിനും ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പരിപാടിയാണ് വിജയമന്ത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ആര്‍ ജെ ജിബിനായിരുന്നു പരിപാടിയുടെ അവതാരകന്‍.

Share This Article
Leave a Comment
error: Content is protected !!