
കോഴിക്കോട്: നേതൃത്വത്തിന്റെ അറിവോടെയല്ല കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. സര്‍ക്കാരുമായുള്ള ചര്‍ച്ചയാണ് സംഘടനയുടെ വഴി. മന്ത്രി എം വി ഗോവിന്ദന്റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കടകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ന് രാവിലെ 10 മണിയോടെയാണ് കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിച്ചത്. മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളും പൊലിസും തമ്മില്‍ ഉന്തും തളളുമുണ്ടായി. കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കാനായിരുന്നു വ്യാപാരികളുടെ തീരുമാനം. നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും മിഠായി തെരുവില്‍ തമ്പടിച്ചു. വ്യാപാരികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ആദ്യ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

