
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ (എച്ച് ഐ എ) കോണ്‍കോഴ്‌സ് സിയിലെ ഇന്‍ഡോര്‍ ട്രോപ്പിക്കല്‍ ഗാര്‍ഡനായ ‘ദി ഓര്‍ച്ചാര്‍ഡി’ല്‍ ‘വൈറ്റാലിറ്റി ആന്റ് വെല്‍നെസ് സ്റ്റുഡിയോ’ പ്രവര്‍ത്തനം ആരംഭിച്ചു. യാത്രാക്ഷീണവും പേശികളിലെ പിരിമുറുക്കവും കുറയ്ക്കുന്നതിനായി മുതിര്‍ന്ന യാത്രക്കാര്‍ക്ക് സൗജന്യ വെല്‍നെസ് അനുഭവം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സെപ്റ്റംബര്‍ ആറു മുതല്‍ ഒക്ടോബര്‍ 25 വരെയാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുക. 18 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. പ്രൊഫഷണല്‍ പരിശീലകരുടെ നേതൃത്വത്തില്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൈഡഡ് സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്. നേരിയ സ്‌ട്രെച്ചിങ്, ശ്വസന വ്യായാമങ്ങള്‍ എന്നിവയ്‌ക്കൊപ്പം മൃദുവായ ചൂടുള്ള വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ്- ലൈറ്റ് തെറാപ്പി മാറ്റുകളും സെഷനുകളില്‍ ഉപയോഗിക്കും. ആഴത്തിലുള്ള വിശ്രമം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

6,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഇന്‍ഡോര്‍ ഗാര്‍ഡനിലാണ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ച 300-ലേറെ മരങ്ങളും 35,000 സസ്യങ്ങളുമാണ് ‘ദി ഓര്‍ച്ചാര്‍ഡി’ല്‍ ഉള്ളത്. ടെര്‍മിനലിലെ തിരക്കുകളില്‍നിന്ന് മാറി വിശ്രമിക്കാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പ്രകൃതിസൗഹൃദമായ ശാന്തമായ അന്തരീക്ഷവും ഇവിടെ ലഭിക്കും.
2022ല്‍ തുറന്ന ‘ദി ഓര്‍ച്ചാര്‍ഡ്’ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശ്രദ്ധേയമായ ഇടമായി മാറിയിട്ടുണ്ട്. പ്രകൃതി, കല, ആഡംബര റീട്ടെയില്‍ സൗകര്യങ്ങള്‍ എന്നിവയുടെ സമന്വയമാണ് ഇവിടെയുള്ളത്.
വെങ്കല ശില്‍പങ്ങള്‍ ഉള്‍പ്പെടെയുള്ള കലാസൃഷ്ടികളാല്‍ സമ്പന്നമായ ഈ പ്രദേശത്തിന് ചുറ്റുമായി ഖത്തര്‍ എയര്‍വേയ്സിന്റെ അല്‍ മൗര്‍ജന്‍ ബിസിനസ് ക്ലാസ് ലോഞ്ച്, ദ ഗാര്‍ഡന്‍, ഡിയോര്‍ സ്പാ, ലൂയി വിറ്റണ്‍ ലോഞ്ച് തുടങ്ങിയ ആഡംബര ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

