അഞ്ചുവര്‍ഷത്തിനിടെ 138 പുതിയ വിമാനങ്ങള്‍; യാത്രക്കാരുടെ എണ്ണം 90 ശതമാനത്തിലേറെ തിരിച്ചെത്തി: ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ

Web Desk
2 Min Read

ദോഹ: വിമാനങ്ങള്‍ ആധുനികവത്ക്കരിക്കുകയും സര്‍വീസ് ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്ന ദ്രുതവളര്‍ച്ചാ ഘട്ടത്തിലേക്ക് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് കടക്കുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമദ് അലി അല്‍ ഖാത്തര്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 138 പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തര സര്‍വീസ് ശൃംഖലയുടെയും കാര്‍ഗോ പ്രവര്‍ത്തനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ലക്ഷ്യം.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘടിപ്പിച്ച മീഡിയ ഓപ്പണ്‍ ഡേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റഗ്രേറ്റഡ് ഓപ്പറേഷന്‍സ് സെന്റര്‍, വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഹാംഗറുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് ഡിസ്‌റപ്ഷന്‍ മാനേജ്മെന്റ് സെന്റര്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തന സൗകര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയ പരിപാടിയിലായിരുന്നു സി ഇ ഒയുടെ വിശദീകരണം.

വിമാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എയര്‍ബസ് എ350-1000, ബോയിങ് 777-9 തുടങ്ങിയ അത്യാധുനിക വിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് 138 വിമാനങ്ങളുടെ പുതിയ ശ്രേണി. അടുത്ത വേനല്‍ക്കാലത്ത് അടുത്ത തലമുറ ക്യുസ്യൂട്ട് സംവിധാനവും അവതരിപ്പിക്കും.

വര്‍ഷാവസാനത്തോടെ 50 എയര്‍ബസ് എ321എല്‍ആര്‍ വിമാനങ്ങള്‍ കൂടി ലഭിക്കും. സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ദ്വിതീയ വിപണികളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഏകദേശം 150 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് വിമാനക്കൂട്ടമായി ഖത്തര്‍ എയര്‍വേയ്സ് മാറും.

- Advertisement -
Ad image

മേഖലയിലും ആഗോളതലത്തിലും ഉണ്ടായ പ്രധാന വ്യോമപാത നിയന്ത്രണങ്ങളെ വിജയകരമായി അതിജീവിച്ച ഖത്തര്‍ എയര്‍വേയ്സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 90 മുതല്‍ 95 ശതമാനം വരെ യാത്രക്കാരുടെ ഗതാഗതം വീണ്ടെടുത്തതായി അല്‍ ഖാത്തര്‍ പറഞ്ഞു. ഉയര്‍ന്ന സീറ്റ് ഒക്ക്യുപന്‍സി നിരക്കും രേഖപ്പെടുത്തി.

ജൂണ്‍ മധ്യത്തിനുശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസ് കേന്ദ്രങ്ങളുടെ എണ്ണം 60ല്‍ നിന്ന് 160 ആയി ഉയര്‍ന്നു. രാജ്യാന്തര വിമാനക്കമ്പനികള്‍ ദോഹയിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.4 ലക്ഷത്തിന് മുകളിലെത്തി.

വ്യോമപാതയിലെ തിരക്ക് മൂലമുണ്ടാകുന്ന കാലതാമസം നിലവില്‍ 10 മിനിറ്റ് മുതല്‍ പരമാവധി ഒരു മണിക്കൂര്‍ വരെയാണെന്ന് അല്‍ ഖാത്തര്‍ പറഞ്ഞു. ഭാവിയില്‍ ഉണ്ടാകാവുന്ന അപകടസാധ്യതകളും പ്രതിസന്ധികളും നേരിടാന്‍ ഖത്തര്‍ എയര്‍വേയ്സ് പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് വലിയ പ്രവര്‍ത്തന പ്രതിസന്ധികളെയാണ് ഖത്തര്‍ എയര്‍വേയ്സ് വിജയകരമായി നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി അവസാനം മുതല്‍ ഉണ്ടായ പ്രാദേശിക വ്യോമപാത അടച്ചിടലുകള്‍, അടുത്തിടെ ഇന്തോനേഷ്യയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ യാത്രാ തടസ്സം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്‌ഫോടനം 700 യാത്രക്കാരെ ബാധിച്ചിരുന്നു.

ഇതിന് പുറമെ ബ്രിട്ടനിലെ വ്യോമഗതാഗത സംവിധാനത്തിലുണ്ടായ വലിയ ഐ ടി തകരാറും നൂറുകണക്കിന് വിമാന സര്‍വീസുകളെ ബാധിച്ചു. ഇത്തരം പ്രതിസന്ധികളെയും അതിവേഗ പ്രതികരണ ശേഷിയിലൂടെ ഖത്തര്‍ എയര്‍വേയ്സ് മറികടന്നതായി സി ഇ ഒ പറഞ്ഞു.

യാത്രക്കാരുടെ സേവന നിലവാരം ഉയര്‍ത്തുന്നതിനായി സ്ഥാപനത്തില്‍ പുനഃസംഘടന നടപടികള്‍ നടപ്പാക്കിവരികയാണ്. പ്രവര്‍ത്തന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഡിപ്പാര്‍ട്ട്മെന്റും രൂപീകരിച്ചതായി അല്‍ ഖാത്തര്‍ അറിയിച്ചു.

ജീവനക്കാരുടെ പ്രൊഫഷണല്‍ വികസനത്തിനും കമ്പനി തുടര്‍ന്നും പ്രാധാന്യം നല്‍കും. പ്രത്യേകിച്ച് ഖത്തര്‍ സ്വദേശികളായ പ്രതിഭകളെയും നേതൃത്വനിരയെയും കൂടുതല്‍ ശാക്തീകരിക്കുന്നതിലൂടെ ആഗോള വ്യോമയാന രംഗത്തെ ഖത്തര്‍ എയര്‍വേയ്സിന്റെ മുന്‍നിര സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!