അതിക്രമം നടന്നാല്‍ നടപടി സ്വീകരിക്കുന്ന സുരക്ഷ സംസ്‌കാരമാണ് വേണ്ടത്: ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി

Web Desk
2 Min Read

തൃശൂര്‍: കുറ്റകൃത്യങ്ങള്‍ വെളിപ്പെടുമ്പോള്‍ കേസെടുക്കാന്‍ പരാതി ലഭിക്കണം എന്ന അവസ്ഥ അത്യധികം അപരിഷ്‌കൃതമാണെന്നും ജനങ്ങളുടെ സുരക്ഷ ബോധത്തെ ദുര്‍ബലമാക്കുന്നതാണെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റീജനല്‍ തിയേറ്ററില്‍ നടന്ന ഉണര്‍ത്തു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പരാതിയുണ്ടെങ്കിലേ കുറ്റമാകൂ എന്നതും പരാതിയില്ലെങ്കില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതി വരുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ധൈര്യമായി പരാതി ഉന്നയിക്കാന്‍ പറ്റുന്ന സാമൂഹിക സാഹചര്യം പലപ്പോഴും ഉണ്ടാകാത്ത സ്ഥിതിയുണ്ട്. അവിടെ സ്റ്റേറ്റ് ആക്ട് ചെയ്യുകയാണ് വേണ്ടത്. അപ്പോഴാണ് സമൂഹത്തിന് സുരക്ഷിതത്വബോധം ഉണ്ടാകുന്നതും കുറ്റകൃത്യം നടത്തുന്നവര്‍ക്ക് അതില്‍ നിന്ന് പിന്തിരിയാനുള്ള പ്രേരണ ഉണ്ടാകുന്നതും.

മനുഷ്യര്‍ക്ക് സ്വതന്ത്രമായ സാംസ്‌കാരിക വ്യവഹാരം ഉറപ്പു നല്‍കാന്‍ സാധിക്കുമ്പോഴേ നവകേരളം എന്ന സങ്കല്പം അര്‍ഥവത്താകൂ. സാമൂഹികമായ സുരക്ഷിതത്വമാണ് പുരോഗമന സമൂഹത്തിന്റെ മുന്തിയ അടയാളം.

പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സ്വകാര്യ ജീവിതത്തിലുമെല്ലാം ഭയരഹിതവും ചൂഷണ രഹിതവുമായ സാഹചര്യമുണ്ടാകണം. കുറ്റകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഇടപെടേണ്ടത് സ്റ്റേറ്റിന്റെയും സിവില്‍ സൊസൈറ്റിയുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്. നിയമങ്ങളും രീതികളും കാലാനുസൃതമായി നവീകരിക്കാന്‍ സന്നദ്ധമാകുമ്പോഴേ നവകേരളം സാധ്യമാകൂ. പശ്ചാത്തല വികസനം കൊണ്ടുമാത്രം സമൂഹം സാംസ്‌കാരികമായി നവീകരിക്കപ്പെടില്ല എന്ന് സര്‍ക്കാരും സമൂഹവും തിരിച്ചറിയണം.

- Advertisement -
Ad image

പുരോഗമനം, സാംസ്‌കാരികം തുടങ്ങിയ മേല്‍വിലാസങ്ങള്‍ സ്വയം അണിയുന്ന സമൂഹത്തില്‍ നിന്നാണ് സാംസ്‌കാരിക വിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത്. നാം പുറകോട്ട് നടക്കുന്നതിന്റെ സൂചനയാണിത്. സാംസ്‌കാരിക കേരളത്തെ അതിന്റെ എല്ലാ നന്മയോടെയും നിലനിര്‍ത്താന്‍ നാം കൂട്ടായ പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ കെ എ മാഹിന്‍ സുഹരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി മേല്‍മുറി,എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എ എ ജഅഫര്‍, എം എം ഇബ്രാഹിം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പി എച്ച് സിറാജുദ്ദീന്‍ സഖാഫി, പി യു ശമീര്‍, ബശീര്‍ അശ്‌റഫി, കെ ബി ബശീര്‍, എം എം ഇസ്ഹാഖ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!