ഭൂതകാലസ്മൃതികള്‍ മനസ്സിനെ തഴുകുമ്പോള്‍

Web Desk
7 Min Read
November 3, 2017 - Doha, Qatar - Old buildings in downtown, Souq Waqif, Doha, Qatar Doha Qatar PUBLICATIONxINxGERxSUIxAUTxONLY - ZUMAr133 20171103_zap_r133_036 Copyright: xSergixReboredox

ഖത്തറിലെ വിപ്ലവകരമായ വികസന ദൃശ്യങ്ങള്‍ അല്‍ഭുതപ്പെടുത്തുകയാണ്.നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉള്ള ഖത്തറും എന്റെ ജന്മ നാടും താരതമ്യം ചെയ്യുമ്പോളാണ് ഒരു രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ വിസ്മയിപ്പിക്കുന്നത്.
1978 കാലത്തെ റോഡുകളും കെട്ടിടങ്ങളൂം ആ കാലത്ത് എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നെങ്കിലും ഒരു രാജ്യം ഇത്രമാത്രം മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന സങ്കല്‍പ്പത്തിന്നതീതമായിട്ടാണ് ഖത്തറിലെ വികസന രംഗത്തെ ഓരോ കുതിപ്പുകളും.

city exchange

പൂഷ്പങ്ങളാല്‍ നിബിഡമായ റൗണ്ടു എബൗട്ടുകള്‍ ചാരുത പകര്‍ന്ന കൊച്ചു കൊച്ചു റോഡുകളും റോഡുകളിലൂടെ കുതിച്ചു പാഞ്ഞിരുന്ന അപൂര്‍വ്വം ബെന്‍സുകളൂം കാഡില്ലാക്കുകളും ആ കാലത്തെയും വിസ്മയമായിരുന്നു.എന്നാല്‍ ഇന്ന് റൗണ്ട് എബൗട്ടുകള്‍ക്ക് പകരം വര്‍ണ്ണ പ്രകാശം തെളിയുന്ന സിഗ്‌നലുകളും കിലോമീറ്ററുകളോളം ദൂരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഇഴപിരിഞ്ഞു പോകുന്ന ഫ്‌ലൈ ഓവറുകളൂം, ടണ്ണലുകളും, അണ്ടര്‍ പാസ്സുകളും ഒരു രാജ്യത്തിന്റെ രൂപഘടന തന്നെ മാറ്റി മറിച്ചിരിക്കുന്നു. ഏഴു മാസം നാട്ടില്‍ ചിലവഴിച്ചു തിരിച്ചു വന്നപ്പോള്‍ സ്ഥിരം യാത്ര ചെയ്ത വഴികള്‍ പോലും ചോദിച്ചറിയേണ്ട അവസ്ഥയിലേക്ക് ഭൂമിയാ കെ പരിവര്‍ത്തനത്തിനു വിധേമായിരിക്കുന്നു.

ഗള്‍ഫ് ഹോട്ടലും ഒയാസിസ് ഹോട്ടലും, റമദാ ഹോട്ടലും ദോഹാ ഷെറാട്ടണും സോഫിറ്റലും മാത്രമുണ്ടായിരുന്ന ദോഹയിലിന്നു നൂറുക്കണക്കിന് ഹോട്ടലുകള്‍ എണ്ണി നിജപ്പെടുത്താനാവാത്ത അവസ്ഥയിലാണ്. വാസ്തു ശില്പ വൈദഗ്ദ്യത്തിന്റെ മാസ്മരിക വിരിഞ്ഞു നില്‍ക്കുന്ന മന്ദിരങ്ങള്‍ മത്സരബുദ്ധ്യാ നഗരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ മനസ്സിന് കുളിര്‍മ്മയേകുന്നു. ടവറുകള്‍ പരസ്പരം തോളുരുമ്മി നില്‍ക്കുകയാണോ എന്ന പ്രതീയുളവാക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്യങ്ങള്‍ നമ്മുടെ ചിന്തകളെ തട്ടി ഉണര്‍ത്തുന്നു.

- Advertisement -
Ad image

ഞങ്ങള്‍ ദോഹയിലെത്തിയ കാലത്ത് ജോലികളൊക്കെ കഴിഞ്ഞ് മുറിയിലെത്തിയാല്‍ ഞങ്ങളുടെ അനുഭൂതി തേടിയുള്ള യാത്രകള്‍ സൂഖിലേക്കോ അല്ലെങ്കില്‍ മുഷൈരിബിലേക്കൊ ആയിരുന്നു. ഷോപ്പുകളിലൊക്കെ കയറി വസ്ത്രങ്ങളുടെ മഹിമകള്‍ ദര്‍ശിച്ചു, ജോര്‍ജ്റ്റ് സാരികളുടെ ഡിസൈനുകള്‍ മനസ്സില്‍ പതിപ്പിച്ച് നാട്ടില്‍ പോകുന്ന വേളയില്‍ വാങ്ങാമെന്ന നിഗമനത്തോടെ, സ്റ്റേഷനറി കടകളില്‍ കയറി കത്തയക്കാന്‍ പുഷ്പങ്ങളും കസവ് ബോര്‍ഡറുകളും ചാരുത പകര്‍ന്നിരുന്ന പേഡുകളുടെയും എന്‍വലപ്പുകളുടെയും മനോഹരിത ദര്‍ശിച്ചു സമയം തള്ളി നീക്കിയ കാലഘട്ടം. പ്രിയംവദ കള്‍ക്കും പ്രിയംകരന്മാര്‍ക്കും കത്തയക്കാനുള്ള ലക്ഷ്യമാണാ പേഡുകളന്വേഷണത്തിന്നും പിന്നില്‍. മലയാളികളെയൊക്കെ കണ്ടു സംസാരിച്ച് രാത്രിയില്‍ റൂമിലേക്കുള്ള കാല്‍നടയാത്ര. രണ്ടു രൂപ മിനിമം ചാര്‍ജുള്ള ടാക്‌സിയില്‍ പോലും കയറാന്‍ മടിയായിരുന്നു.

സൂഖ് ഫാലയിലും സൂഖം അസീരിയിലും കേസ്സെറ്റ് ഷോപ്പുകള്‍ക്ക് മുമ്പിലൂടെ നടന്ന് മലയാള ഗാനങ്ങളാസ്വദിക്കുകയും പുതിയ ഗാനങ്ങളുടെ കേസ്സെറ്റുകള്‍ അന്വേഷിച്ച് വാങ്ങുകയും ചെയ്യാറുണ്ടായിരുന്നു.

മുറിയിലെത്തിയാല്‍ ഫൈവ് ഫോര്‍ ത്രീ യെന്ന നാഷനല്‍ പനാസോണിക് ടേപ്പ് റിക്കാര്‍ഡിറലിട്ട് പാട്ടുകള്‍ കേള്‍ക്കാനുള്ള ധൃതിയായിരുന്നു. ആസ്വദ്യതയുടെ ആ നാളുകള്‍ മധുര പുരണ്ട ഓര്‍മ്മകളായി മനസ്സിനെ ഇപ്പോഴും തലോടുന്നു. ഇന്ന് മൊബൈല്‍ ഓണ്‍ ചെയ്യുന്ന ഞൊടിയിടയില്‍ കോളര്‍ ട്യൂണായി ഗാനങ്ങള്‍ നമ്മെ ആസ്വദിപ്പിക്കുമ്പോള്‍ പഴയ കാലത്തേക്കാണ് മനസ്സ് സഞ്ചരിക്കുന്നത്. ആഴ്ചയിലൊരു വെള്ളിയാഴ്ച ഒഴിവു ദിനത്തിന്റെ ആലസ്യ മകറ്റാന്‍ അബൂദാബി ടി.വി.യില്‍ വരുന്ന ഹിന്ദി സിനിമയ്ക്കായി നാളുകളെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു.ടി.വി.യുള്ള മുറികളില്‍ അടുത്ത മുറിയിലുള്ളവരെല്ലാം നിറഞ്ഞു കവിയുമായിരുന്നു.

ഇന്ന് മൊബൈല്‍ ഓണ്‍ ചെയ്ത് ഇഷ്ടമുള്ള ചിത്രങ്ങള്‍ കണ്ടാസ്വദിക്കുമ്പോള്‍ പഴയ തലമുറയ്ക്ക് വിസ്മയമാണ്.

സൂഖിലും മുഷൈരിബിലും സായാഹ്നസവാരി നടത്തിയവരുടെ മക്കളും മരുമക്കളും ടൂറിസ്റ്റുകളെ ഹഠാദാകര്‍ഷിക്കുന്ന ആഡംബര നഗരങ്ങളായ പേള്‍ ഖത്തറിലും ലുസൈല്‍ മറീനയിലും ഖതാറ എന്ന പരമ്പരാഗ ഗ്രാമഭംഗിയിലും ചുറ്റിത്തിരിഞ്ഞ് ആ ദൃശ്യാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ പ്രായമുള്ളവര്‍ അമ്പരന്നു പോകുന്നു.
വിദേശികള്‍ക്ക് കാറുകള്‍ അപൂര്‍വ്വമായി മാത്രം സ്വന്തമായുണ്ടായിരുന്ന കാലം. ഡ്രൈവിംഗ് ടെസ്റ്ററുകള്‍ ബാലികേറാമല യായി കരുതിയിരുന്ന നാളുകളില്‍ ആ കടമ്പ കടക്കാന്‍ അധികമാരും ധൈര്യപ്പെടാറില്ല. സ്വന്തം കാര്‍ പലര്‍ക്കും ഒരു സ്വപ്‌നമായിരുന്നു. മോട്ടോര്‍ ബൈക്കിലും നാടന്‍ സൈക്കിളിലുമായിരുന്നു സഞ്ചാരം. വെയിലിന്റെ കാഠിന്യത്തെ വകവെക്കാതെയുള്ള കാല്‍നടയാത്ര. വിയര്‍പ്പില്‍ കുളിച്ച് തളര്‍ന്നവശരായി ചായക്കടകളില്‍ കയറി പെപ്‌സി മോന്തിക്കുടിച്ച് ദാഹമകറ്റിയ ഓര്‍മ്മകള്‍ പഴയ വിദേശികളുടെ മനസ്സില്‍ നിന്നും മായില്ല. ഗള്‍ഫ് സിനിമയില്‍ നിന്നോ അല്‍ അഹ്ലി സിനിമയില്‍ നിന്നോ അമീര്‍ സിനിമയില്‍ നിന്നോ സെക്കന്റ് ഷോ ഫിലിമും കണ്ടു രാത്രിയിലിറങ്ങിയാല്‍ പൂട്ടിക്കിടക്കുന്ന റസ്റ്റോറന്റുകളുടെയും കഫ്തീരിയയുടെയും മുമ്പിലൂടെ വിശന്നലഞ്ഞു റൂമിലെത്തി ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ചു കിടന്നുറങ്ങിയ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിനെ അലട്ടുന്നു. ഇന്ന് പാതിരാവോളവും മുഴു ദിനവും തുറന്നു കിടക്കുന്ന റസ്റ്റോറന്റുകളും കഫ്തീരിയകളുമാണ് ദോഹയെ ഉറങ്ങാത്ത നഗരമാക്കി മാറ്റിയിരിക്കുന്നു.

നിരവധി രാവുകളിലൂടെയും പകലുകളിലൂടെയും നടന്നു നീങ്ങിയ മലയാളി ഷോപ്പുകളൂം ചായക്കടകളും റസ്റ്റോറന്റുകളും നിറഞ്ഞിരുന്ന പഴയ മുഷൈരിബും, ശാരെ കഹ്‌റുബയും, അബ്ദുല്ലാ ബിന്‍ താനി തെരുകളെല്ലാം ഓര്‍മ്മകളായി മാറി. യൂറോപ്പ്യന്‍ നഗരങ്ങളെ വെല്ലുന്ന അംബരചുംബികളായ കെട്ടിടങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും മ്യൂസിയങ്ങളും മെട്രോ സ്റ്റേഷനുകളും ആ തെരുവുകളെ കവര്‍ന്നിരിക്കുന്നു. വിനോദ സഞ്ചാരികളെയും വഹിച്ചാ മുശൈരിബു ഡൗണ്‍ ടൌണ്‍ എന്ന പുതിയ നഗരിയിലൂടെ ട്രാമുകള്‍ ഓടുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളും മലയാളി പ്രതാപ ചരിത്രവും വിസ്മൃതിയിലാണ്ടു പോകുന്ന വേദന മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു.
ലോകത്തിലെ ആഡംബര വാഹനങ്ങള്‍ മുഴുവനുമിന്ന് ദോഹയിലെ റോഡുകളിലാധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇടമുറിയാതെ റോഡിലൂടെ സദാ സമയവും കുതിച്ചു പായുന്ന വാഹനങ്ങള്‍ തീര്‍ക്കുന്ന ഗതാഗരക്കുരുക്കില്‍ നഗരം ശ്വാസം മുട്ടുന്നു.
1980കളില്‍ മഗ്രിബ് നമസക്കാര സമയത്തും റമസാനില്‍ നോമ്പുതുറ വേളയിലും ശൂന്യമായിരുന്ന റോഡുകളുടെ ചിത്രം മനസ്സില്‍ മിന്നി മറിയുന്നു.

നോമ്പു തുറന്നു ഏറെ വൈകിയാണ് നഗരം പിന്നീടുണര്‍ന്നിരുന്നത്.ഇന്ന് സദാസമയവും വാഹനങ്ങളുടെ ഒഴുക്ക് നഗരത്തെ സജീവമാക്കുന്നു.

വിദൂര പ്രദേശങ്ങളിലേക്ക് കാലത്ത് മുതല്‍ വൈകുന്നേരം 5 മണി വരെ മണിക്കൂറുകള്‍ ഇടവിട്ട് മുനിസിപ്പാല്‍ വകുപ്പിന്റെ അപൂര്‍വ്വം ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന കാലത്ത് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടിയ നാളുകളായിരുന്നു. ഇന്ന് മുവാസലാത്തിന്റെ കര്‍വ്വാ ബസ്സുകളും ടാക്‌സികളും മിനിട്ടുകളിടവിട്ട് റോഡുകളില്‍ നമ്മുടെ മുമ്പിലെത്തുന്നു. മെട്രോ സര്‍വ്വീസുകളുള്ള റൂട്ടുകളില്‍ നിമിഷ നേരം കൊണ്ടു നമൂക്ക് യാത്ര ചെയ്യാന്‍ കഴിയുന്നു. ഓരോ കിലോമീറ്ററിനുള്ളിലും മെട്രോ സ്റ്റേഷനുകള്‍ സൂഖ് ഫാലയിലും സുഖ് ജാബറിലും സൂഖ് വാഖി ഫിലും നാട്ടില്‍ പോകുന്നവര്‍ മാസങ്ങള്‍ക്കു മുമ്പാരംഭിക്കുന്ന ഷോപ്പിംഗ് യത്‌നത്തിന് കൂടെ അനുഗമിച്ച പഴയ കാല അനുഭവങ്ങള്‍ സൂഖിലെത്തുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നു.

കാലമേറെക്കഴിഞ്ഞു റമദാ ഹോട്ടലിനരികെ സെന്റര്‍ ഷോപ്പിംഗ് കേന്ദ്രം തുറന്നപ്പോള്‍ കാണാനുള്ള സന്ദര്‍ശക പ്രവാഹമായിരുന്നു. ഷോപ്പിംഗ് മാള്‍ എന്ന സങ്കല്പം ഖത്തറില്‍ ആ കാലത്തുണ്ടായിരുന്നില്ല. സൂഖുകളും കടകളുമായിരുന്നു ഉയര്‍ന്നുപൊങ്ങിയിരുന്നത്. കാലമേറെക്കഴിഞ്ഞാണ് ദി മാളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളുമൊക്കെ തുറന്നു തുടങ്ങിയത്.ഇന്ന് കെയര്‍ ഫോറിന്റെയും ലുലുവിന്റെയും ഗ്രാന്റ് ഹൈപ്പറിന്റെയുമൊക്കെ മാളുകള്‍ ഖത്തറിന്റെ ഏത് കോണിലെത്തിയാലും നമ്മെ മാടി വിളിക്കുന്നു.
അതില്‍ പലതും മലയാളി ഉടമസ്ഥതയിലാണെന്നത് നമുക്കഭിമാനം പകരുന്നു.

ഖത്തറിന്റെ ചരിത്രത്തില്‍ മലയാളികളുടെ പങ്ക് അവഗണിക്കാനാവില്ല. 1950 കളില്‍ തന്നെ ഒറ്റപ്പെട്ട മലയാളി സാന്നിദ്ധ്യം ഖത്തറിലുണ്ടായിരുന്നു.1960 കളില്‍ എണ്ണം പെരുകി വന്നു. ഭോജന ശാലാ രംഗത്താണ് മലയാളികളാദ്യ ഘട്ടത്തില്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്.ഇന്നും ആ പതിവില്‍ മാറ്റമുണ്ടായിട്ടില്ല. നേരത്തെ സൈക്കിളിലും മോട്ടോര്‍ ബൈക്കിലും യാത്ര ചെയ്തിരുന്ന മലയാളികളില്‍ പലരും ബെന്‍സിലും ലാന്റ് ക്രൂയിസറിലും റെയിഞ്ച് റോവറിലും നഗരത്തിലൂടെ കുതിച്ചു പായുമ്പോള്‍ നീണ്ട കാലത്തെ ത്യാഗത്തിന്റെ അനുഭവങ്ങള്‍ ചുരുള്‍ നിവരുന്നു.

ഭരണ നൈപുണ്യവും മനുഷ്യ സ്‌നേഹവും അനുകമ്പയും സേവന തല്‍പ്പരതയുമുള്ള ഖത്തര്‍ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും മാര്‍ഗ്ഗദര്‍ശനം നല്‍കിയ പിതൃ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെയും നേതൃത്വം ജനങ്ങള്‍ക്കാനന്ദവും ആശ്വാസവുമായി നല്‍കുന്നു.

2022 ലോക കപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ രാജ്യത്തുയര്‍ന്നു വന്ന അത്യാധുനിക കളിക്കളങ്ങളുടെ മഹിമകള്‍ കായിക ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്നു. ലോകകപ്പ് വന്നെത്തുന്ന സന്തോഷ നാളുകളൂടെ ആഗമനം പ്രതീക്ഷിച്ചുള്ള ആഘോഷത്തിമിര്‍പ്പിലാണ് നാടും നാട്ടുകാരും.

അഹമ്മദ് പാതിരിപ്പറ്റ

അഹമ്മദ് പാതിരിപ്പറ്റ

ചന്ദ്രികയുടെ കക്കട്ടില്‍ പ്രാദേശിക ലേഖകനായി തുടക്കം. ലീഗ് ടൈംസ് പത്രാധിപ സമിതി അംഗം, കോഴിക്കോട് സിറ്റി, കാസര്‍ക്കോട് ബ്യൂറോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
നാട്ടില്‍ എം എസ് .എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്‌ലിം യൂത്ത് ലീഗ് വടകര താലൂക്ക് സെക്രട്ടറി, അഖിലേന്ത്യാ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

1978ല്‍ ഖത്തറിലെത്തി. ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ വാട്ടര്‍ വകുപ്പില്‍ ജോലി ചെയ്തു. ഖത്തര്‍ കെ എം സി സി സംസ്ഥാന സെക്രട്ടറിമാരിലൊരാള്‍, മലയാളി സമാജം സ്ഥാപക സെക്രട്ടറിമാരിലൊരാള്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഖത്തര്‍ എം എസ് എസ് സജീവാംഗം, ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക പ്രസിഡണ്ട്, മേപ്പയൂര്‍ സലഫി അസോസിയേഷന്‍ ഖത്തര്‍ സ്ഥാപക ജനറല്‍ സെക്രട്ടറി, നന്മ ചീക്കോന്ന് ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
1980 കാലത്ത് ഖത്തറില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലയക്കാനും ദോഹയില്‍ ഖബറടക്കുന്നതിനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

1980ല്‍ ഖത്തര്‍ പ്രസ് ആന്റ് പബ്ലിക്കേഷന്‍സ് വകുപ്പിന്റെ പത്രലേഖകനുള്ള അക്രഡിറ്റേഷന്‍ ലഭിച്ചു. ലീഗ് ടൈംസ്, ചന്ദ്രിക, മാതൃഭൂമി ദോഹ ലേഖകനായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സുപ്രഭാതം ഖത്തര്‍ പ്രതിനിധി. മിനാ ഉച്ചകോടി, ലോക ഇസ്‌ലാമിക സമ്മേളനം, ഒപെക് സമ്മേളനം, ഡബ്ല്യു എച്ച് ഒ. ഉച്ചകോടി, ജി-77 രാജ്യങ്ങളുടെ ഉച്ചകോടി തുടങ്ങി നിരവധി അന്താരാഷ്ട സമ്മേളനങ്ങളും ഫിഫ അണ്ടര്‍-19 ലോകകപ്പ് ഫുട്ബാള്‍, ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യത മത്സരം, ഏഷ്യന്‍ ഗെയിംസ്, ലോക ഹാന്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ കപ്പ് ഫുട്ബാളുകള്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളും ചന്ദ്രിക, മാതൃഭൂമി പത്രങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശ വാര്‍ത്തകളും യു എസ് സൈനിക കമാന്റിന്റെ അക്രഡിറ്റേഷനോടെ ഗള്‍ഫ് യുദ്ധവും റിപ്പോര്‍ട്ട് ചെയ്തു.

ലോക ഇസ്‌ലാമിക സമ്മേളനത്തോടനുബന്ധിച്ചു മലേഷ്യയിലെ ക്വാലാലമ്പൂരില്‍ നടന്ന ലോക ടൂറിസം സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട ഖത്തറിലെ ഏക പത്രപ്രവര്‍ത്തകന്‍. ഖത്തര്‍ പയ്യന്നൂര്‍ സൗഹൃദവേദിയുടെ മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ്, 30 വര്‍ഷം പൂര്‍ത്തിയായ വാണിജ്യ പ്രവര്‍ത്തകര്‍ക്കുള്ള ഐ സി സി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

മലേഷ്യക്കു പുറമെ കുവൈത്ത്, സൗദി, യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
സ്വദേശം കോഴിക്കോട് ജില്ലയിലെ പാതിരിപ്പറ്റ.
ഭാര്യ: സുബൈദ, മക്കള്‍: ഫാരിസ്, റൂബീന, ഫൈറൂസ, പരേതനായ ഷഹീന്‍.

Share This Article
Leave a Comment
error: Content is protected !!