
ദോഹ: ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ (ക്യു സി എ) ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലേക്ക് എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ മൂന്ന് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മേഹ്‌സ മെഹ്വിഷ്, ക്രിസ്റ്റീന ജേക്കബ്, ജാസ മറിയം എന്നിവരാണ് ജൂലൈ 21 മുതല്‍ 30 വരെ മലേഷ്യയില്‍ നടക്കുന്ന ഐ സി സി. അണ്ടര്‍- 19 വനിതാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഖത്തര്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്.

ഇതിന് പുറമെ മേഹ്‌സ മെഹ്വിഷും ജാസ മറിയവും ജൂലൈ 9 മുതല്‍ 19 വരെ മലേഷ്യയില്‍ നടക്കുന്ന എ സി സി അണ്ടര്‍-19 വനിതാ പ്രീമിയര്‍ കപ്പ് മത്സരത്തിനുള്ള ഖത്തര്‍ ടീമിലും ഇടം നേടിയിട്ടുണ്ട്.
വിദ്യാര്‍ഥിനികളുടെ കായിക മികവും അര്‍പ്പണബോധവും കഠിന പരിശീലനവും മികവുറ്റ പ്രകടനവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
അഭിമാനകരമായ നേട്ടത്തിന് സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദറും വിദ്യാര്‍ഥിനികളെ അഭിനന്ദിച്ചു. അന്താരാഷ്ട്ര വേദിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നതായി സ്‌കൂള്‍ പ്രസ്താവനയില്‍ അറിയിച്ചു.

