വന്യജീവി ആക്രമണം; കൃഷി നഷ്ടത്തിന് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി

Web Desk
2 Min Read

ആലുവ: വന്യജീവികളുടെ ആക്രമണത്തില്‍ കൃഷി നാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്നും ജീവനോപാധികള്‍ വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്നതും നിത്യസംഭവം ആവുകയാണെന്നും ബെ്ന്നി ബെഹന്നാന്‍ എം പി ചൂണ്ടിക്കാട്ടി.

city exchange

വന്യജീവി ആക്രമണത്തില്‍ സംഭവിക്കുന്ന കൃഷി നാശത്തിന് വിധേയരാകുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുകയും അതോടൊപ്പം വന്യജീവി ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് തുക വര്‍ധിപ്പിച്ച് അടിയന്തിരമായി സഹായം വിതരണം ചെയ്യുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ബെന്നി ബഹനാന്‍ എം പി ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.

അങ്കമാലി- ശബരി റെയില്‍ പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറിലെ ആശയക്കുഴപ്പം പരിഹരിച്ച് എത്രയും വേഗം പദ്ധതി പുനര്‍ജീവിപ്പിക്കണം.
അങ്കമാലി അയ്യമ്പുഴയിലെ നിര്‍ദ്ദിഷ്ട ഗ്ലോബല്‍ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൊളിച്ച ഗ്രാമീണ റോഡുകള്‍ അടിയന്തരമായി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണം. അങ്കമാലി- കുണ്ടന്നൂര്‍- കൊച്ചി ബൈപാസിന്റെ സ്ഥലമെടുപ്പ് വിജ്ഞാപനം കാലഹരണപ്പെട്ടത് മൂലം പദ്ധതി അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് നോട്ടിഫിക്കേഷന്‍ പുനര്‍പ്രസിദ്ധീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

- Advertisement -
Ad image

എന്‍ എച്ച് 66- എന്‍ എച്ച് 544 എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കൊടുങ്ങല്ലൂര്‍- അങ്കമാലി ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാംഘട്ടം നടപടികള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ എന്‍ എച്ച് 544- എന്‍ എച്ച് 66ഉം തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍കണക്ടിംഗ് നാഷണല്‍ ഹൈവേ വളരെ അനിവാര്യമാണ്. ഈ പദ്ധതിക്ക് വേണ്ടി ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് വകമാറ്റി ചെലവഴിച്ചത് മൂലം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ലഭിക്കാത്തത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് എത്രയും വേഗം നേടിയെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങളും ബെന്നി ബഹനാന്‍ എം പി യോഗത്തില്‍ ഉന്നയിച്ചു.

മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച എം പിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ മന്ത്രിമാരും വകുപ്പ് മേധാവികള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!