ഏത് തൊഴില്‍ മേഖലയിലും വനിതകളുടെ പ്രശ്‌നം ഒരുപോലെ: ജി പൂങ്കുഴലി

Web Desk
2 Min Read

കൊച്ചി: തൊഴിലിടങ്ങളിലും ജീവിതത്തിലും സ്ത്രീകളും പുരുഷന്മാരും നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളികളാണെന്നും ഏത് തൊഴില്‍ മേഖലയിലും സ്ത്രീകളുടെ പ്രശ്‌നം ഏറെക്കുറെ ഒരുപോലെയാണെന്നും കോസ്റ്റല്‍ പൊലീസ് എ ഐ ജി ജി പൂങ്കുഴലി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് ‘ജോലിയും ജീവിതവും സ്ത്രീകള്‍ പറയുന്നു’ എന്ന വിഷയത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയും വനിതാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

city exchange

വിവാഹ ശേഷം സ്ത്രീകളിലേക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നു ചേരും. ഒപ്പം വെല്ലുവിളികളും വര്‍ധിക്കും. കുടുംബത്തിലെയും തൊഴിലിടങ്ങളിലെയും തിരക്കുകള്‍ മൂലം പലപ്പോഴും രോഗം വന്നാല്‍ കൃത്യമായി ചികില്‍സ തേടാനോ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ ആരോഗ്യം സംരക്ഷിക്കാനോ സ്ത്രീകള്‍ക്ക് കഴിയാറില്ല.

എല്ലാവര്‍ക്കും തങ്ങളുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്, എന്നാല്‍ ഇതൊന്നും ആസ്വദിക്കാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കഴിയാറില്ല. സമയം നോക്കാതെ ജോലി ചെയ്യേണ്ട സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുക. തൊഴില്‍ മേഖലയിലും ജീവിതത്തിലും ഉയര്‍ച്ച നേടണമെങ്കില്‍ ടൈം മാനേജ്മെന്റ് സ്‌കില്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാനമാണെന്നും ഒരോ ദിവസവും എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ പ്ലാനിംഗ് അനിവാര്യമാണെന്നും ജി പൂങ്കുഴലി പറഞ്ഞു.

നല്ലൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ ഓരോരുത്തരും തയ്യാറാകണം. നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ വളരെയേറെ ഉപകാരപ്രദമാകുമെന്നും ജി പൂങ്കുഴലി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് എന്‍ കെ സ്മിത അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

സെന്റ് തെരേസാസ് കോളജ് വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സുചിത, കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബീന റാണി, വിനീത വേണാട്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷബ്ന സിയാദ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി ഒ ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകരായ പ്രജുല കമലേഷ്, സ്മിത ഹരിദാസ്, ലക്ഷ്മി പത്മ, ശ്രീജ ശ്യാം, ഗീതാ ബക്ഷി, ധന്യ കിരണ്‍, അപര്‍ണ കാര്‍ത്തിക, റിയാ ബേബി, സി ഐ ടി യു ദേശീയ സെക്രട്ടറി ദീപാ കെ രാജന്‍, അഡ്വ. സൂര്യ ബിനോയ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍, വോക്കല്‍ ലോക്കല്‍ കേരള ചെയര്‍പേഴ്സണ്‍ സി വി സജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ത്രീകളും പുരുഷന്‍മാരുമുള്ള ഒരേ തൊഴിലിടത്തില്‍ കരിയറില്‍ മുന്നോട്ടു പോകാനും ജോലി- കുടുംബ ജീവിതം ബാലന്‍സ് ചെയ്യാനും സ്ത്രീകള്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നുണ്ടെന്ന് ചര്‍ച്ച ചൂണ്ടിക്കാട്ടി.

എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എം ഷജില്‍ കുമാര്‍, ട്രഷറര്‍ അഷ്റഫ് തൈവളപ്പ്, വൈസ് പ്രസിഡന്റ് പ്രദീപ് കുമ്പിടി, സംസ്ഥാന കമ്മിറ്റിയംഗം ജലീല്‍ അരൂക്കുറ്റി, നിയുക്ത സംസ്ഥാന കമ്മിറ്റിയംഗം നഹീമ പൂന്തോട്ടത്തില്‍, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ പ്രകാശ് എളമക്കര, ടോമി മാത്യു തുടങ്ങിയവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!