Featured
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു: സെക്രട്ടറി ജനറല്‍

ദോഹ: ഡിസംബറില്‍ ദോഹയില്‍ നടന്ന 44-ാമത് ജി സി സി ഉച്ചകോടി അംഗീകരിച്ച ജി സി സി ഏകീകൃത ടൂറിസ്റ്റ് വിസയുടെ രൂപവും സ്വഭാവവും നിര്‍ണ്ണയിക്കാന്‍ ബന്ധപ്പെട്ട സാങ്കേതിക സമിതികള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി സ്ഥിരീകരിച്ചു. ജി സി സി ടൂറിസം മന്ത്രിമാരുടെ എട്ടാമത് മന്ത്രിതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


എല്ലാ ജി സി സി രാജ്യങ്ങളിലെയും സംവിധാനങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ഏകീകൃത വിസ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ആ കമ്മിറ്റികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പഠിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സാഹചര്യത്തില്‍, ജി സി സി രാജ്യങ്ങളിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും സുപ്രധാന മേഖലയുടെ ഘടകങ്ങള്‍ സജീവമാക്കാനുമാണ് ഏകീകൃത ടൂറിസ്റ്റ് വിസ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഏകീകൃത വിസ പദ്ധതി വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ എളുപ്പത്തിലും സൗകര്യപ്രദമായും മാറാന്‍ സഹായിക്കുമെന്ന് അല്‍ബുദൈവി ചൂണ്ടിക്കാട്ടി. ഇത് നടപ്പിലാക്കിയാല്‍ ടൂറിസം മേഖലയ്ക്ക് ഈ വിസ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.


ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി (2023- 2030) നടപ്പിലാക്കുന്നതിനുള്ള ഒപ്റ്റിമല്‍ വഴികള്‍ യോഗം ചര്‍ച്ച ചെയ്തതായി അല്‍ബുദൈവി സ്ഥിരീകരിച്ചു.


