ലോകകപ്പ്; ഗതാഗത സൗകര്യങ്ങള്‍ പുറത്തുവിട്ടു

Web Desk
4 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സംഘാടകര്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങള്‍ പുറത്തുവിട്ടു. ലോകകപ്പ് കാലത്തുടനീളം ഗതാഗതം സുഗമമാക്കുന്നതിനുള്ള രീതികള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ മവ്‌ലവി പറഞ്ഞു.

city exchange

ലോകകപ്പിന്റെ ആരവങ്ങളിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും യാത്ര സൗകര്യങ്ങളൊരുക്കാന്‍ മെട്രോയും ബസുകളും ടാക്സികളും പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കളിക്കാലയളവില്‍ ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം ദിവസവും രാവിലെ ആറു മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ആയിരിക്കും. കൂടാതെ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം സ്വകാര്യ പാര്‍ക്കിംഗ് അനുവദിക്കും. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ ഹയ്യ കാര്‍ഡ് ഉപയോഗിച്ച് സൗജന്യ യാത്രയും അനുവദിക്കും.

നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ കോര്‍ണിഷ് സ്ട്രീറ്റ് കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും ഫിഫ ലോകകപ്പ് ഖത്തറില്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എന്‍ജിനീയര്‍ ഖാലിദ് അല്‍ മുല്ല പറഞ്ഞു.

- Advertisement -
Ad image

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് പ്രതിദിനം 2,300-ലധികം ബസുകളാണ് സര്‍വീസ് നടത്തുകയെന്നും പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടെ ആരാധകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആറു തരം ബസുകളുണ്ടെന്നും മൊവാസലാത്ത് (കര്‍വ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഹമ്മദ് അല്‍ ഒബൈദ്‌ലി സൂചിപ്പിച്ചു.

ലോകകപ്പ് കാലത്ത് സുഗമമായ യാത്രകള്‍ക്കും തിരക്കുകള്‍ ഒഴിവാക്കാനുമായി 207 പാലങ്ങളും 100 ഇന്റര്‍സെക്ഷനുകളും 143 ടണലുകളും നിര്‍മ്മിച്ചതായി അഷ്ഗാലിലെ ദോഹ സിറ്റി ഡിസൈന്‍ ടീം മേധാവി മുഹമ്മദ് അലി അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു.

വിമാന യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമേ ദോഹ അന്താരാഷ്ട്ര വിമാനത്താവളവും യാത്രകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഷട്ടില്‍ ബസുകള്‍, ദോഹ മെട്രോ, ടാക്സികള്‍, ഊബര്‍, കരീം തുടങ്ങിയ സര്‍വീസുകള്‍ ഉള്‍പ്പെടെ ആരാധകര്‍ക്ക് നിരവധി ഗതാഗത സാധ്യതകളാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ഷട്ടില്‍ ബസുകള്‍ സര്‍വീസ് നടത്തുകയും സെന്‍ട്രല്‍ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാന്‍ ആരാധകരെ സഹായിക്കുകയും ചെയ്യും. വിശദമായ വിവരങ്ങള്‍ക്ക് https://www.qatar2022.qa/en/coming-to-qatar/port-of-entry ക്ലിക്ക് ചെയ്യുക.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതോടെ വേദികളിലെത്താന്‍ സ്വദേശികളും താമസക്കാരും സ്വകാര്യ ഗതാഗതം ഉപയോഗിക്കുകയും സാധ്യമായ ഇടങ്ങളില്‍ വാഹനമോടിച്ചെത്താന്‍ ശ്രമിക്കുകയും വേണം. കളി കാണാനെത്തുന്ന സന്ദര്‍ശകര്‍ ദോഹ മെട്രോയും പൊതു ബസ് സര്‍വീസുകളും ഉപയോഗിക്കുന്നതാണ് നല്ലത്. ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളില്‍ നിന്നും പ്രധാന താമസ സ്ഥലങ്ങളില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സര്‍വീസ് നടത്തും.

സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാ വിവരങ്ങള്‍ അറിയാന്‍ https://www.qatar2022.qa/en/getting-around/getting-to-stadiums ക്ലിക്ക് ചെയ്യാവുന്നതാണ്.

ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഖത്തറിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ക്ക് https://www.qatar2022.qa/en/getting-around/day-to-day-travel ക്ലിക്ക് ചെയ്യുക

ടൂര്‍ണമെന്റിലെ വ്യത്യസ്ത യാത്രാ സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ https://www.qatar2022.qa/en/getting-around/driving-park-ride ക്ലിക്ക് ചെയ്യുക

ടൂര്‍ണമെന്റില്‍ പൊതുഗതാഗത സൗകര്യങ്ങളും സമയക്രമവും അറിയാന്‍ https://www.qatar2022.qa/en/getting-around/public-transport/metro ക്ലിക്ക് ചെയ്യുക

ലോകകപ്പ് ടൂര്‍ണമെന്റിനിടെ ആരാധകര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്ന കോര്‍ണിഷ് സ്ട്രീറ്റ് നവംബര്‍ ഒന്നു മുതല്‍ കാല്‍നടയായി മാറും. അല്‍ ബിദ്ദ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കോര്‍ണിഷ് ആക്ടിവേഷന്‍ അല്ലെങ്കില്‍ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാന്‍ ആരാധകര്‍ക്ക് പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

അടുത്തുള്ള ദോഹ മെട്രോ സ്റ്റേഷനുകള്‍, ബസ് റൂട്ടുകള്‍, ടാക്‌സി ഡ്രോപ്പ് ഏരിയകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് https://www.qatar2022.qa/en/getting-around/central-doha ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്. വിനോദ മേഖലകള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ ഷട്ടില്‍ ബസ് സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സൂഖ് വാഖിഫ് മെട്രോ സ്‌റ്റേഷനും അല്‍ ബിദ്ദ പാര്‍ക്കിനുമിടയില്‍ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തും. ബി-റിംഗ്, സി- റിംഗ് റോഡുകളില്‍ ഉടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കും താമസ കേന്ദ്രങ്ങളിലേക്കും ഇതുപയോഗിച്ച് യാത്ര ചെയ്യാനാവും. ടൈംടേബിളുകളും റൂട്ടുകളും മുവാസലാത്ത് വെബ്സൈറ്റില്‍ ലഭ്യമാണ്. അറിയാന്‍ www.mowasalat.com/English/Our-Services/Bus-Schedules ക്ലിക്ക് ചെയ്യുക.

നവംബര്‍ ഒന്നു മുതല്‍ സെന്‍ട്രല്‍ ദോഹയില്‍ വെഹിക്കിള്‍ പ്ലേറ്റ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കും. വടക്ക് അല്‍ ഖഫ്ജി സ്ട്രീറ്റ് മുതല്‍ പടിഞ്ഞാറും തെക്കും സി-റിംഗ് റോഡ് വരെയും കിഴക്ക് കോര്‍ണിഷ് സ്ട്രീറ്റ് വരെയുമാണ് വ്യാപിച്ചു കിടക്കുന്നത്.

ഒക്ടോബര്‍ 28 വരെ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി 10 മണി വരെ പരീക്ഷണാര്‍ഥം ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്ലേറ്റുകളും ഉള്ള വാഹനങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍ നിന്ന് വഴി തിരിച്ചുവിടും. കളി തുടങ്ങിയാല്‍ ഈ രീതിയായിരിക്കും എല്ലാ ദിവസവുമുണ്ടാവുക. ഒരു വാഹനം മാത്രമുള്ള ആളുകളെയും പൊതുഗതാഗത വാഹനങ്ങളെയും അടിയന്തര സേവനങ്ങളെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും.

എ-റിങ് റോഡിന് ഇപ്പോള്‍ പ്രത്യേക ബസ്, ടാക്‌സി ലെയ്‌നുണ്ട്. ബസ്, ടാക്‌സി ലെയ്ന്‍ ഉപയോഗിക്കാന്‍ അധികാരമില്ലാത്തവര്‍ അതുവഴി ഡ്രൈവ് ചെയ്താല്‍ പിഴ ഒടുക്കേണ്ടി വരും. ടൂര്‍ണമെന്റ് വരെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രമേ പാത തുറന്നിരിക്കുകയുള്ളു. ടൂര്‍ണമെന്റില്‍ 24 മണിക്കൂറും ബസുകളും ടാക്‌സികളും മാത്രമായിരിക്കും പാത ഉപയോഗിക്കുക.

വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും ക്രമീകരിക്കുന്നതിന് അല്‍ തുമാമ, ഖലീഫ ഇന്റര്‍നാഷണല്‍, ലുസൈല്‍, അല്‍ ജനൂബ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ഗതാഗതം നിയന്ത്രിക്കും. ഈ വേദികള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ ഇതര റൂട്ടുകള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത്.

അബു സംറ കര അതിര്‍ത്തി വഴിയുള്ള പ്രവേശനത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ യഥാസമയം പ്രഖ്യാപിക്കുന്നതാണ്.

ടൂര്‍ണമെന്റിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവേശനക്ഷമത ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് സംഘാടകര്‍ ചെയ്യുന്നത്. ഖത്തറിലെ വിവിധ ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് https://www.accessibleqatar.com/ സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!